ശബരിമല തീര്‍ത്ഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സര്‍വ്വീസ്
തിരുവനന്തപുരം: കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. ആംബുലന്‍സുകളുടെ ഉദ്ഘാടനം മന്ത്രികടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കേരള പോലീസിനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഒപ്പം രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവരുടേയും സഹായത്തോടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സേവനം ആരംഭിച്ചത്.
രോഗികള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ശബരിമലയിലേക്കും തിരിച്ചും സുഗമമായ യാത്രയൊരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം ആംബുലന്‍സുകളുടെ സേവനം സ്വാമി ഹസ്തത്തിലൂടെ ലഭ്യമാകുന്നതാണ്.
ആവശ്യമുള്ള വ്യക്തികള്‍ അതത് പോലീസ് സ്റ്റേഷനിലേക്കോ 91 88 100 100 എന്ന എമര്‍ജന്‍സി ആംബുലന്‍സ് നമ്പരിലേക്കോ നേരത്തെ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. മനോജ് എബ്രഹാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.