‘രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ’ സൂപ്പര്‍ ഓഫറുമായി ആമസോണ്‍ പ്രൈം
മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡീയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫഌക്‌സ് രണ്ട് ദിവസത്തേയ്ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയല്‍ ആരംഭിക്കൂ എന്നാണ് ആമസോണ്‍ പ്രൈം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.
സിനിമകള്‍ക്ക് പുറമേ ടിവി സീരിസുകളുടെയും വെബ് സീരിസുകളുടെയും മികച്ച കളക്ഷനുകള്‍ വീട്ടിലിരുന്ന് കാണാം എന്നതു കൊണ്ടു തന്നെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് ആളുകള്‍ ഇടിച്ചു കയറാന്‍ തുടങ്ങി.
കോവിഡ് കാരണം തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ നിരവധി സിനിമകളാണ് ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തത്. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സുരറൈ പ്രോട്ര് ഉള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് സിനിമകള്‍ ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് റിലീസ് ചെയ്തത്. മലയാളത്തിലെ സൂഫിയും സുജാതയും, സീ യു സൂണ്‍ എന്നീ ചിത്രങ്ങളും ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്.