‘അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്.. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവര്‍ എന്നെ പുറത്താക്കിയത്’ അമല പോള്‍
ചെന്നൈ: വിജയ് സേതുപതി നായകനാകുന്ന വി.എസ്.പി 33 എന്ന ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയ നടപടിയില്‍ ഖേദ പ്രകടനവുമായി നടി അമലാ പോള്‍.. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോള്‍ പ്രസ്താവനയില്‍ പറഞ്ഞു. ”അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ല എന്ന കാരണമാണ് അവര്‍ പറഞ്ഞത്.
ഇപ്പോള്‍ ഞാന്‍ ഇത് പറയുന്നത് ഒരു ആത്മപരിശോധനയ്ക്ക് കൂടി വേണ്ടിയാണ്. എന്റെ കരിയറിലുടനീളം പ്രൊഡക്ഷന്‍ ഹൗസുകളെ ഞാന്‍ പിന്തുണച്ചിട്ടില്ലേ എന്ന് ഞാന്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ കൂടിയാണ്. എന്റെ സിനിമാ സൃഹൃത്തുക്കളില്‍ നിന്നോ സഹതാരങ്ങളില്‍ നിന്നോ ഇതുവരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നതായി കേട്ടിട്ടില്ല. മാത്രല്ല സാഹചര്യം കണക്കിലെടുത്ത് നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ഉദാഹരണത്തിന് ‘Bhasker Oru Rascal’ എന്ന ചിത്രം, സാമ്പത്തിക പ്രതിസന്ധി കാരണം തനിക്ക് തരാമെന്നേറ്റ പണം നല്‍കാന്‍ നിര്‍മാതാവിന് സാധിച്ചിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനോ മറ്റെന്തെങ്കിലും നടപടിയിലൂടെ അത് നേടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. കാരണം ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയിരുന്നില്ല എന്ന് എനിക്കും അറിയാമായിരുന്നു.
വരാനിരിക്കുന്ന തന്റെ ചിത്രമായ ‘Adho Andha Paravai pole’ യുടെ ഷൂട്ടില്‍ ഞാന്‍ താമസിച്ചത് ആ ഗ്രാമത്തിലെ ചെറിയ ഒരു വീട്ടിലാണ്. ചുരുങ്ങിയ ബഡ്ജറ്റില്‍ എടുക്കുന്ന ചിത്രമായതിനാല്‍ തന്നെ സിറ്റിയിലുള്ള താമസവും യാത്രയും അധികചിലവാകുമെന്നതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. തുടര്‍ച്ചയായി ദിവസങ്ങളില്‍ രാവും പകലുമായി വലിയ ആക്ഷന്‍ രംഗങ്ങള്‍ അടക്കം ഷൂട്ട് ചെയ്തിരുന്നു. അനുവദിച്ച സമയത്തേക്കാള്‍ അഞ്ചും ആറും മണിക്കൂറുകള്‍ ഷൂട്ടിനായി മാറ്റി വെച്ചിരുന്നു. അവസാന ദിവസത്തെ ഷൂട്ടിങ് ചിലവ് ഞാന്‍ വഹിക്കുമെന്ന് അവരോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി ഒരു തരത്തിലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടായിരുന്നു അത്.
ആടൈ എന്ന ചിത്രത്തെ കുറിച്ചാണെങ്കില്‍, വളരെ കുറഞ്ഞ വേതനത്തിലാണ് അഭിനയിച്ചത്. ബാക്കി പ്രോഫിറ്റ് ഷെയര്‍ ആയി നല്‍കാമെന്ന് പറഞ്ഞിരുന്നു. അഡ്വാന്‍സായി തന്ന തുകയില്‍ തന്നെ ചിത്രം മുഴുവന്‍ അഭിനയിച്ചു തീര്‍ത്തു. സിനിമയുടെ ക്വാളിറ്റിയിലോ പ്രൊഡക്ഷനിലോ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണ്ടാവരുതെന്ന നിര്‍ദേശം മാത്രമേ പലപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളൂ. എനിക്ക് ബുദ്ധിമുട്ടാവുമെങ്കില്‍ പോലും, ഒരു സിനിമ മാത്രമേ എനിക്ക് ചെയ്യാന്‍ കഴിയുകയാണെങ്കില്‍ പോലും അത് നല്ല സിനിമായിരിക്കണമെന്ന നിര്‍ബന്ധമേ എനിക്കുള്ളൂ.
വിഎസ്പി 33 എന്ന ചിത്രത്തിലെ കോസ്റ്റിയൂമിന് വേണ്ടി മുംബൈയില്‍ നിന്നും വസ്ത്രങ്ങളും മറ്റും വാങ്ങാനായി എത്തിയതാണ് ഞാന്‍. യാത്രാചിലവിനും മറ്റുമുള്ള എല്ലാ തുകയും ഞാന്‍ തന്നെയാണ് എടുത്തത്. ചന്ദാരാ പ്രൊഡക്ഷന്‍ ബഡ്ജറ്റ് പ്രശ്നങ്ങള്‍ പറഞ്ഞതുകൊണ്ടു കൂടിയായിരുന്നു ഇത്.
ചന്ദാരാസ് ആര്‍ട്സ് പ്രൊജക്ടിന് എന്റെ നിബന്ധനങ്ങള്‍ അംഗീകരിക്കാന്‍ വയ്യെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആവശ്യമില്ലെന്നും കാണിച്ച് മിസ്റ്റര്‍ രാതിയന്‍വേലു മെസ്സേജ് അയച്ചിരിക്കുന്നു. ഊട്ടിയിലെ താമസവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്തുതന്നെയായാലും ചിത്രത്തില്‍ നിന്നും എന്നെ പുറത്താക്കുന്നതിന് മുന്‍പ് ഒന്ന് വിളിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല.
ഇത്തരമൊരു തീരുമാനത്തിന്റെ അര്‍ത്ഥം എനിക്ക് മനസിലാകുന്നില്ല. ആടൈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് അറിയാം. ചന്ദാരാ പ്രൊഡക്ഷന്‍സിന്റെ പുരുഷ മേധവിത്വത്തിന്റേയും ഇടുങ്ങിയ ചിന്തയുടേയും അഹങ്കാരത്തിന്റേയും അനന്തരഫലമാണ് ഇത്. ആടൈ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എന്റെ ചിത്രം പല രീതിയിലും ഷെയര്‍ ചെയ്യപ്പെടുകയും സിനിമാ മേഖലയില്‍ തന്നെ പല വിവാദങ്ങളും ഉടലെടുക്കുകയും ചെയ്തിരുന്നു. വിജയ് സേതുപതിയുടെ പേര് ഒരു തരത്തിലും ഇതിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താങ്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു താനെന്നും താന്‍ പ്രൊഫഷണല്‍ അല്ലെന്ന ചന്ദാര പ്രൊഡക്ഷന്‍സിന്റെ വിമര്‍ശനത്തില്‍ നിന്നുണ്ടായ കടുത്ത നിരാശയില്‍ നിന്നാണ് ഇത്രയും എഴുതിയതെന്നും അമല പോള്‍ പ്രസ്താവനയില്‍ പറഞ്ഞു.