News

ആളൂര്‍ പീഡനം: ജോണ്‍സണെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു,ബലാത്സംഗത്തിൽ പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി

ന്യൂഡൽഹി:ആളൂർ പീഡന കേസിൽ പ്രതി സി.സി.ജോൺസണിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.പോലീസ് നടത്തുന്ന അന്വേഷണവുമായി ജോൺസൺ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ജോൺസൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ 30 ന് പരിഗണിക്കാനായി കോടതി മാറ്റി. ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിനും ഇരയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു

2016 ൽ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തിൽ പരാതി നൽകാൻ അഞ്ച് വർഷം വൈകിയത് എന്തുകൊണ്ടാണെന്ന് മറുപടി സത്യവാങ് മൂലത്തിൽ വ്യക്തമാക്കാൻ ഇരയോട് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് കൈമാറിയിട്ടുണ്ടോയെന്നും പ്രതിയായ സി.സി ജോൺസണെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് എന്ത് കൊണ്ടാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് മാരായ അജയ് രസ്തോഗി, എ എസ് ഓക് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.

ബലാത്സംഗ കേസ്സുകളിൽ ഇരകൾ പരാതി നൽകാൻ വൈകുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി നിരീക്ഷിച്ചു. ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള സംഭവങ്ങളാണ് പല സ്ഥലങ്ങളിലും നിന്ന് കേൾക്കുന്നത്. അടുത്ത ബന്ധുക്കൾ നടത്തുന്ന പീഡനം കൂടുന്നു എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നും ജസ്റ്റിസ് രസ്തോഗി നിരീക്ഷിച്ചു.

പ്രതി അയച്ച അശ്ലീല സന്ദേശങ്ങൾ അടങ്ങുന്ന സിഡി മയൂഖ ജോണിയുടെ പക്കൽ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. ബലാത്സംഗ കുറ്റത്തിന് പുറമെ ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്ക് മേൽ ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും ഇരയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

ഒരു സഭയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു കെട്ടിച്ചമച്ച ആരോപണവും കേസ്സുമാണിതെന്ന് ജോൺസണ് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ആരോപണം തെളിയിക്കുന്നതിന് ഇതുവരെയും ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതിക്കാരി ഹാജരാക്കിയിട്ടില്ല എന്നും പ്രതിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

സി.സി ജോൺസൺ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇരയോടും സംസ്ഥാന സർക്കാരിനോടും മറുപടി സത്യവാങ് മൂലം ഫയൽ ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. സെപ്റ്റംബർ 30 ന് മുൻ കൂർ ജാമ്യ ഹർജി കോടതി വീണ്ടും പരിഗണിക്കും. അത് വരെയാണ് അറസ്റ്റ് തടഞ്ഞത്.സി.സി ജോൺസണ് വേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ രാകേന്ദ് ബസന്ത് എന്നിവരാണ് ഹാജരായത്. ഇരയ്ക്കുവേണ്ടി അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button