പോലീസിന്റെ ഊതിക്കല്‍ പരിപാടിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി; കേസ് നിലനില്‍ക്കില്ല
കൊച്ചി: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ മെഷീനില്‍ ഊതിച്ചു നോക്കി കേസെടുത്താല്‍ നിലനില്‍ക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരില്‍ തലവൂര്‍ സ്വദേശികളായ മൂന്നുപേരുടെ പേരില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ പാടുള്ളൂ. ഇക്കാര്യം എന്ന 2018-ലെ വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം കോടതി വീണ്ടും പോലീസിനെ ഓര്‍മപ്പെടുത്തി. ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്റെ ഗന്ധമുണ്ട്. ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാര്‍ഗമെന്ന് 2018-ല്‍ വൈക്കം സ്വദേശിയുടെ കേസില്‍ കോടതിയുടെ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിക്കുകയും മദ്യത്തിന്റെ ഗന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരില്‍ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം.
എന്നാല്‍ ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം വാഹന പരിശോധനയിലുള്‍പ്പെടെ പൊലീസിന് വന്‍ തിരിച്ചടിയാകും.