മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം കണ്ടെത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്നു ഞെട്ടി. വിശദമായ പരിശോധനയിലാണ് മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വ രോഗമായ യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് മനസിലായത്. ബിയര്‍ നിര്‍മ്മാണ പ്രക്രിയയ്ക്ക് സമാനമായി മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ച് മദ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒരു തരം രാസപ്രവര്‍ത്തനമാണിത്. പിറ്റ്സ്ബര്‍ഗിലെ ഒരു 61 കാരിയില്‍ ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ കരള്‍രോഗ ചികിസ്താ വിഭാഗം ഉള്‍പ്പെടെ ഞെട്ടിയിരിക്കുകയാണ്.
കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ മൂത്രത്തില്‍ മദ്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത് വെള്ളമടിച്ച് കരള്‍ പോയതാണെന്നായിരുന്നു. മൂത്രത്തില്‍ അമിതമായ അളവില്‍ മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ മദ്യപിക്കാറില്ല എന്ന് സ്ത്രീ പറഞ്ഞത് വിശ്വാസത്തില്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ല. രഹസ്യമായി മദ്യപിക്കാറുണ്ടെന്ന വിശ്വാസത്തില്‍ ഈ സ്ത്രീയെ ഡോക്ടര്‍മാര്‍ ആദ്യം അയച്ചത് ലഹരി വിരുദ്ധ കേന്ദ്രത്തിലേക്ക് ആയിരുന്നു.
എന്നാല്‍ കൂടുതല്‍ പരിശോധനയില്‍ അവരുടെ രക്തത്തിലോ പ്ളാസ്മയിലോ മദ്യം ഇല്ലെന്ന് കണ്ടെത്തി. മദ്യപാനത്തിന്റെ ഫലമായി മദ്യത്തെ വിഘടിപ്പിച്ച് ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ളീസോറെനോഡ്, ഇഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും ലാബ് പരിശോധനയില്‍ മൂത്രത്തില്‍ കണ്ടെത്തിയില്ല. ഇതോടെ കൂടുതല്‍ പരിശോധനയില്‍ സ്ത്രീയുടെ ശരീരത്തില്‍ നിന്നും കിട്ടിയ യീസ്റ്റ് ബ്രൂവെറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് സമാനമാണെന്നും തിരിച്ചറിഞ്ഞു.
തുടര്‍ന്നായിരുന്നു ഇവരുടെ ശരീരത്തില്‍ ഫെര്‍മെന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ നിഗമനത്തില്‍ എത്തിയത്. എന്നാല്‍ ഇവരുടെ ശരീരത്തില്‍ ഫെര്‍മെന്റേഷന്റെ പ്രധാന ചേരുവകളായ യീസ്റ്റും പഞ്ചസാരയും ഉണ്ടായിരുന്നില്ല. ലാബില്‍ നടത്തിയ പരിശോധനയിലാകട്ടെ യീസ്റ്റ് അധികമുള്ള മൂത്രസാമ്ബിളുകള്‍ പുളിച്ച് മദ്യമാകുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഇതേ പ്രക്രിയ സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്നതായിട്ടാണ് ഗവേഷകരും അനുമാനിക്കുന്നത്.