കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചത് ഹോട്ടൽ മുറിക്കുള്ളിൽവെച്ചെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലിൽനിന്ന് ഇതുസംബന്ധിച്ച സുപ്രധാന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.
14-ാം തീയതി വൈകീട്ട് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്നും ഇവിടെവെച്ച് ഇരുവരും ലഹരി ഉപയോഗിച്ചെന്നുമാണ് പോലീസ് കണ്ടെത്തിയത്. മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും ഹോട്ടൽ മുറിക്കുള്ളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ രാസപരിശോധനയക്ക് അയക്കും.
ഈ മാസം ഒന്ന്, ഒൻപത് തീയതികളിലും പ്രതികൾ ഇതേ ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയിൽ തുടരുന്ന ഇരുവരുടേയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികൾക്കെതിരേ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്.
ചോദ്യം ചെയ്തസമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പോലീസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
എം.ഡി.എം.എയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.