ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് തിയേറ്റർ റിലീസില്ല, നേരിട്ട് ടിവിയിലേക്ക്; പ്രതിഷേധിച്ച് നടൻ വസന്ത്
ചെന്നൈ:ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, വസന്ത രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘പൊൺ ഒൻട്രു കണ്ടേൻ’. ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലൂടെയും ടെലിവിഷനിലൂടെയും പ്രീമിയർ ചെയ്യുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർമ്മാതാക്കൾ അണിയറപ്രവർത്തകരെ അറിയിക്കാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ നടൻ വസന്ത് രവി രംഗത്തെത്തി.
ജിയോ സിനിമയിലൂടെയും കളേഴ്സ് തമിഴ് ചാനലിലൂടെയുമാണ് ചിത്രം പ്രീമിയർ ചെയ്യുന്നത്. എന്നാൽ ഈ വിവരം അണിയറപ്രവർത്തകർ അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രൊമോ എത്തിയതോടെയാണ്. നിർമ്മാതാക്കളുടെ ഈ നടപടി ഞെട്ടലുണ്ടാക്കിയതായി വസന്ത് രവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘ഇത് സത്യമാണോ? അതും ജിയോ സ്റ്റുഡിയോസ് പോലെ ഒരു പ്രമുഖ നിർമ്മാണ കമ്പനിയിൽ നിന്നും. പൊണ്‍ ഒൻട്രു കണ്ടേൻ എന്ന സിനിമയുടെ വേൾഡ് സാറ്റലൈറ്റ് പ്രീമിയർ പ്രൊമോ കണ്ടപ്പോൾ വേദനയും വിഷമവുമാണ് തോന്നിയത്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഇക്കാര്യം ചോദിച്ചില്ല. ഞങ്ങൾ ഈ സിനിമയ്ക്കായി ഏറെ കഷ്ടപ്പെട്ടവരാണ്,’ വസന്ത് രവി കുറിച്ചു.
പൊണ്‍ ഒൻട്രു കണ്ടേൻ സിനിമയുടെ ടീമിന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത്തരത്തിൽ ഞങ്ങളോട് കാണിച്ച ‘ആദരവിന്’ ജിയോ സ്റ്റുഡിയോയ്ക്കു നന്ദി എന്നും വസന്ത് പ്രതികരിച്ചു.