പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ല, മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്ക് മാതൃകയാണ്, മോഹന്‍ലാലിനെ അഭിനന്ദിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍
കൊച്ചി:ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ജൈവ കൃഷി ചെയ്യുന്ന മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്കും മാതൃകയാണെന്നും പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി.എസ് സുനില്‍കുമാറിന്റെ കുറിപ്പ്:
സ്വന്തം വീട്ടുവളപ്പില്‍ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ ശ്രീ. മോഹന്‍ലാല്‍, തന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.
https://www.instagram.com/tv/COE9pUuHxjR/?igshid=19tobg9ftxtxc
സിനിമയുടെ വലിയ തിരക്കുകള്‍ക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ. മോഹന്‍ലാല്‍ മലയാളികള്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കര്‍ഷകര്‍ക്കും മാതൃകയാണ്. അഭ്രപാളികളില്‍ നടനവിസ്മയം തീര്‍ക്കുന്ന ശ്രീ. മോഹന്‍ലാല്‍ ഇപ്പോള്‍ സ്വന്തം പുരയിടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന്റെ തിരക്കിലാണ്.
നേരത്തെ സംസ്ഥാന കൃഷി വകുപ്പിന്റെ ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹന്‍ലാല്‍ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
ശ്രീ. മോഹന്‍ലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങള്‍ സ്വന്തം വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാന്‍ കഴിഞ്ഞതില്‍ കൃഷി വകുപ്പ് മന്ത്രി എന്ന നിലയില്‍ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോള്‍, മഹത്തായ ഈ മാതൃക എല്ലാവര്‍ക്കും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രചോദനമാകട്ടെ.
പ്രത്യേകിച്ച്, കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്ന് പറയുന്നവര്‍ക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹന്‍ലാലിന് അഭിവാദനങ്ങള്‍. എന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞത്.