NationalNews

അഗ്നിപഥ് പ്രതിഷേധം യുപിയില്‍; പൊലീസ് സ്റ്റേഷന്‍ തീയിട്ടു, വാഹനവും കത്തിച്ചു,പദ്ധതി നടപ്പിലാക്കാനുറച്ച് കേന്ദ്രം

ലഖ്നൌ: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മൂന്നാം ദിവസവും വ്യാപക അക്രമം. യുപിയില്‍ അഗ്നിപഥ് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും ഇന്നും വ്യാപക അക്രമമുണ്ടായി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം തെക്കേഇന്ത്യയിലേക്കും പടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം വ്യാപക അക്രമസംഭവങ്ങള്‍ക്ക് വഴിമാറി. റെയില്‍ട്രാക്ക് ഉപരോധിച്ച് പ്രതിഷേധക്കാര്‍ തീയിട്ടു. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിന് തീവച്ചു. റെയില്‍ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ച് തകര്‍ത്തു. അക്രമങ്ങള്‍ക്ക് വഴിമാറിയതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചു. പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സെക്കന്തരാബാദ് റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.

സെക്കന്തരാബാദിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഉച്ചവരെ മുടങ്ങി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. സെക്കന്തരാബാദ് സ്റ്റേഷന് പുറത്തും യുവാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ലാത്തിവീശാന്‍ ശ്രമിച്ചത് ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഘടനകളുടെ പിന്‍ബലമില്ലാതെ യുവാക്കള്‍ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചു. 

രാജ്യത്തെ സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി അഡ്‍മിറല്‍ ആര്‍ ഹരികുമാര്‍. അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ്ണ വികസനം സാധ്യമാകുമെന്നും നാവികേസന മേധാവി പറഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോഴും  അഗ്നിപഥ് പദ്ധതിയില്‍ നിന്ന്  കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.  രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേന മേധാവി അറിയിച്ചു. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തി അഗ്നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്‍നാഥ് സിംഗും പറഞ്ഞു.

പദ്ധതിയെ കേന്ദ്രം ന്യായീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം ഉദ്യോഗാര്‍ത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker