മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍ പുതിയ വഴിത്തിരിവ്. സാക്ഷി പ്രഭാകര്‍ സെയിലിന്റെ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ലോവര്‍ പരേലില്‍ വെച്ച് ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയുടെ നീല മെഴ്‌സിഡസ് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുംബൈ പോലീസ് കണ്ടെത്തി.
ആഡംബരക്കപ്പലിലെ എന്‍.സി.ബി റെയ്ഡില്‍ ആര്യനെ പിടികൂടിയതിന് പിന്നാലെ ദദ്‌ലാനിയും ഗോസാവിയും ബിസിനസുകാരനാണെന്ന് അവകാശപ്പെടുന്ന സാം ഡിസൂസയും ഒക്ടോബര്‍ 3 ന് ലോവര്‍ പരേലില്‍ വെച്ച് കണ്ടുമുട്ടിയതായി സെയില്‍ അവകാശപ്പെട്ടിരുന്നു. സെയിലിന്റെ ആരോപണത്തെ തുടര്‍ന്ന് പോലീസ് സംഘം പ്രദേശത്തെ 10-15 സി.സി.ടി.വി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുകയും ദദ്ലാനി നീല മെഴ്‌സിഡസും ഗോസാവിയുടെയും ഡിസൂസയുടെയും രണ്ട് ഇന്നോവകളും കണ്ടെത്തി.
ദൃശ്യങ്ങളില്‍, ഒരു സ്ത്രീ സെഡാനില്‍ നിന്ന് ഇറങ്ങി ഗോസാവിയുമായി സംസാരിക്കുന്നതും തുടര്‍ന്ന് ഇരുവരും കാറിലേക്ക് മടങ്ങുന്നതും കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും അവരവരുടെ വാഹനങ്ങളില്‍ തിരിച്ചുപോകുന്നുമുണ്ട്. ലോവര്‍ പരേല്‍ മീറ്റിംഗിന് ശേഷം ഗോസാവി തന്റെ വസതിയില്‍ ഇറങ്ങിയെന്നും ടാര്‍ഡിയോയിലെ ഒരു ഹോട്ടലിന് പുറത്ത് നിന്ന് പണം എടുക്കാന്‍ ഗോസാവി സെയിലിനോട് ആവശ്യപ്പെട്ടെന്നും ഒരാള്‍ കാറില്‍ വന്ന് രണ്ട് ബാഗുകള്‍ നല്‍കി, അത് ട്രൈഡന്റ് ഹോട്ടലിലെ ഡിസൂസയുടെ അടുത്തേക്ക് കൊണ്ടുപോയെന്നും സെയില്‍ പറഞ്ഞിരുന്നു.
നേരത്തെ, 25 കോടി രൂപ ആവശ്യപ്പെട്ട് ഗോസാവിയും മറ്റുള്ളവരും ചര്‍ച്ച ചെയ്ത സംഭാഷണം താന്‍ കേട്ടതായും സെയില്‍ അവകാശപ്പെട്ടിരുന്നു. അതില്‍ 8 കോടി രൂപ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയും കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും തമ്മില്‍ ഒരു ഇടപാട് നടത്തിയതായിഇടനിലക്കാരനായ സാം ഡിസൂസ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ഗോസാവി ദദ്‌ലാനിക്ക് സഹായം വാഗ്ദാനം ചെയ്തതായും ആര്യന്‍ ഖാനെ സഹായിക്കാന്‍ എന്ന പേരില്‍ ഗോസാവിക്ക് 50 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി ഡിസൂസ പറഞ്ഞിരുന്നു. എന്നാല്‍ ഈ പണം താന്‍ ഇടപെട്ട് തിരികെ നല്‍കിയതായും ഡിസൂസ പറഞ്ഞിരുന്നു. ഗോസാവി ചതിയനാണെന്ന് തോന്നിയത് കൊണ്ടാണ് പണം തിരികെ കൊടുപ്പിച്ചതെന്നും ഡിസൂസ പറഞ്ഞു. ഈ ‘ഇടപാടില്‍’ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയരക്ടറായ സമീര്‍ വാങ്കഡെയ്ക്ക് പങ്കില്ലെന്നും ഡിസൂസ പറഞ്ഞിരുന്നു.
അതേസമയം, പണമിടപാട് സംബന്ധിച്ച കേസ് പ്രത്യേക അന്വേഷണ വിഭാഗം (എസ്.ഐ.ടി)യാണ് അന്വേഷിക്കുന്നത്. ഗോസാവിയുടെ എസ്.യു.വിയില്‍ ‘പൊലീസ്’ എന്ന് എഴുതിയിരിരുന്നതിനാല്‍ എസ്.ഐ.ടി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഗോസാവി എന്‍.സി.ബി ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ദദ്‌ലാനിയുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയേക്കും.