KeralaNews

കോട്ടയം സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ദുരൂഹമരണം

കോട്ടയം: നെടുംകുന്നത്തെ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ദുരൂഹമരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പുതുപ്പള്ളി സ്വദേശി മാത്യു സ്‌കറിയയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്തേവാസികള്‍ ഉപയോഗിച്ച മരുന്നുകളാണ് അസ്വാഭാവിക മരണത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കേന്ദ്രങ്ങളിലായി എട്ടു പേരാണ് മരിച്ചത്.

അന്തേവാസികള്‍ തുടര്‍ച്ചയായി മരിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളി സ്വദേശി മാത്യു സ്‌കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ അഞ്ചു ദിവസത്തിനുള്ളില്‍ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മുമ്പ് മരിച്ച രോഗികളുടെ സമാന ലക്ഷണങ്ങള്‍ മാത്യുവിന് ഉണ്ടായിരുന്നു. മരണകാരണം ന്യൂമോണിയ ആണെന്ന് കണ്ടെത്തിയെങ്കിലും ഇതിലേയ്ക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.

സൈക്കോസിസ് രോഗികള്‍ ഉപയോഗിക്കുന്ന അമിസള്‍പ്രൈഡ് മരുന്നുകള്‍ കഴിച്ചവരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു പേര്‍ മരിച്ച കുറിച്ചി ജീവന്‍ ജ്യോതി മാനസിക ആരോഗ്യ കേന്ദ്രത്തിലും, മുമ്പ് വിവാദത്തിലായ പുതു ജീവനിലും ഇതേ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ എത്തി മരുന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button