തിരുവനന്തപുരം: കൊച്ചി മരടില്‍ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിന്നു. എന്നാല്‍ മരടിലെ ഫ്ളാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം.
ഇതിന് പിന്നാലെ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍. ‘പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരല്‍ അനക്കിയിട്ടില്ല’ എന്ന് അദ്ദേഹം പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!!
ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ.
ആര്? ഹോളി ഫെയ്ത്ത് ബിൽഡേഴ്സ്.
എങ്ങനെ? മരടിൽ അനധികൃതമായി നിർമിച്ച പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.
ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാർ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുൻസിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയിൽ പെട്ടില്ല.
ഹോളി ഫെയ്ത്തിൽ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സർക്കാരിന്റെ ചില ജോലികൾ ഏല്പിക്കുകയുമുണ്ടായി.
സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്.
പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ല.
ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവിൽ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗർവാസീസ് ആശാൻ ക്ഷമിക്കാനാണ് കൂടുതൽ സാധ്യത.
മരടിൽ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്:
“എങ്കിലും ബ്രിട്ടാസേ ലോകമല്ലേ?
പങ്കില മാനസർ കാണുകില്ലേ?