വളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ എം.ബി രാജേഷ് ഇടപെട്ടു; ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍
പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുന്‍കൈയ്യെടുത്തത് സിപിഎം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ് ആണെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. സ്വകാര്യ മാധ്യമം നടത്തിയ ചര്‍ച്ചയിലാണ് എം ബി രാജേഷിനെതിരെ ഗുരുതരമായ ആരോപണവുമായി ജയശങ്കര്‍ രംഗത്ത് വന്നത്. ‘വാളയാര്‍ കേസില്‍ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ആ പ്രതികളിപ്പോള്‍ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു’ ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകള്‍. അതേസമയം, എം ബി രാജേഷ് ആരോപണം നിഷേധിച്ചു. അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് അറിയിച്ചു.
പെണ്‍കുട്ടികളുടേത് ആത്മഹത്യ അല്ലെന്നും ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നും കുട്ടികളുടെ അടുത്ത ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ കുട്ടികളുടെ അമ്മ തന്നെ രംഗത്ത് വന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതികളുടെ സിപിഎം ബന്ധവും വിവാദമായിരുന്നു. വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു.