ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് പാലില്‍ ഏറ്റവും അധികം മായം ചേര്‍ക്കുന്നതെന്ന് ദേശീയ പാല്‍ സുരക്ഷ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്‍മ അതോററ്ററിയുടെ (എഫ്എസ്എസ്എഐ) നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. അഫ്‌ലക്‌സടോക്‌സിന്‍-എം1, ആന്റി ബയോടിക്‌സ്, കീടനാശിനി എന്നിവയുടെ സാന്നിധ്യമുള്‍പ്പെടെ പാലില്‍ കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ 1,103 സ്ഥലങ്ങളില്‍ നിന്നും 2018 മെയ് മുതല്‍ ഒക്ടോബര്‍ വരെ ശേഖരിച്ച 6,432 സംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. സംപിളുകളില്‍ 40.5 ശതമാനം സംസ്‌കരച്ച പാലും ബാക്കി സാധാരണ പാലും ആയിരുന്നു. വന്‍ ബ്രാന്റുകളുടെ അടക്കം സംസ്‌കരിച്ച പാലുകളില്‍ 37.7 ശതമാനവും എഫ്എസ്എസ്എഐയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ 10.4 ശതമാനം സംപിളുകള്‍ യാതൊരു സുരക്ഷയും ഇല്ലാത്തതാണെന്നും വ്യക്തമാക്കുന്നു. അതായത് ആകെ ശേഖരിച്ച സംപിളുകളില്‍ 2,607 എണ്ണവും തീര്‍ത്തും ഗുണനിലവാരമില്ലാത്തതാണ്. സംസ്‌കരിക്കാത്ത പാലില്‍ 47 ശതമാനം ഉപയോഗിക്കാന്‍ കഴിയില്ല. 3,825 ആയിരുന്നു ഉപയോഗിക്കാന്‍ കഴിയാത്ത സാംപിളുകളുടെ എണ്ണം.
സംസ്‌കരിച്ച പാലില്‍ സംസ്‌കരണ സമയത്തും, മറ്റ് പാലില്‍ പശുവിന് നല്‍കുന്ന കാലിതീറ്റയിലൂടെയും മറ്റും മനുഷ്യശരീരത്തിന് ദോഷകരമായ വസ്തുക്കള്‍ പാലില്‍ കലരുന്നുണ്ടെന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തല്‍. ജനങ്ങള്‍ കരുതുന്നത് പാലില്‍ മായം ചേര്‍ക്കുന്നു എന്നാണെങ്കിലും പാല്‍ അശുദ്ധമാക്കുന്ന രീതിയില്‍ മറ്റു വസ്തുക്കള്‍ പാലില്‍ എത്തുന്നതാണ് ഏറ്റവും വലിയ അപകട ഭീഷണി എന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. തമിഴ്നാട്, കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച സംപിളില്‍ നിന്നാണ് അഫ്ലക്സടോക്സിന്‍-എം1ന്റെ സാന്നിധ്യം ഏറ്റവും അധികം കണ്ടെത്തിയത്. കരളിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ അമിത അളവിലാണ് ഈ രാസവസ്തുവിന്റെ സാന്നിധ്യം എന്നാണ് കണ്ടെത്തല്‍.