മുംബൈ:ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി)ആണ് ആരോപണം ഉന്നയിച്ചത്. വിപണിയില്‍ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും ഓഹരി വിലയിടിവ് തടയാനായില്ല.
ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 10,49,044.72 കോടിയിലെത്തി.
അദാനി എന്റര്‍പ്രൈസസാണ് തകര്‍ച്ചയില്‍ മുന്നില്‍. ഓഹരി വില 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപ നിലവാരത്തിലെത്തി. അദാനി പോര്‍ട്‌സിന്റെ വില 2.92 ശതമാനം താഴ്ന്ന് 795 രൂപയുമായി. അദാനി പവറിന്റെ ഓഹരി വിലയില്‍ 4.45ശതമാനവും അദാനി ഗ്രീനിന്റെ വിലയില്‍ 4.37 ശതമാനവും അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എ.സി.സി, എന്‍.ഡി.ടി.വി എന്നിവയുടെ ഓഹരി വിലയില്‍ മുന്ന് ശതമാനത്തിലേറെയും തകര്‍ച്ചയുണ്ടായി.
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള നാസെര്‍ അലി ഷെഹ്ബാന്‍ ആഹ്‌ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി 2013-2018 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് നീക്കം നടത്തിയെന്ന് ഒസിസിആര്‍പി പറയുന്നു.
നേരത്തെ ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.