അഭിനയത്തില്‍ നിന്ന് അവധിയെടുത്ത് നഴ്‌സ് കുപ്പായമണിഞ്ഞു; ഒടുവില്‍ നടി ശിഖയ്ക്ക് കൊവിഡ്
മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തന്റെ പഴയ ജോലിയായ ആദുര സേവനത്തിന് ഇറങ്ങിയ താരമാണ് ശിഖ മല്‍ഹോത്ര. 2014ല്‍ ഡല്‍ഹി മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താത്കാലികമായി വിട പറഞ്ഞാണ് കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ നഴ്സ് കുപ്പായം വീണ്ടും അണിഞ്ഞത്.
ഇപ്പോള്‍ തന്നെയും കൊവിഡ് പിടികൂടി എന്ന വിവരമാണ് നടി പങ്കുവെയ്ക്കുന്നത്. കൊവിഡ് പിടിപെട്ടതില്‍ തനിക്ക് ദു:ഖം ഇല്ലെന്നും ഉടന്‍ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു. ”രാജ്യത്തെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്” എന്നായിരുന്നു ശിഖ നഴ്സ് കുപ്പായം വീണ്ടും അണിഞ്ഞപ്പോള്‍ കുറിച്ചത്.
സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ എത്തുന്നതിനും മുന്‍പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം താരം നഴ്സായി സേവനമനുഷ്ഠിച്ചിരിന്നു.