നടി മീര നന്ദന്‍ വിവാഹിതയായി
തൃശൂര്‍:മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര നന്ദന്‍. ദിലീപിനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചാണ് മീര നന്ദന്‍ വിവാഹിതരായിരിക്കുന്നത്.
അടുത്ത ബന്ധുക്കർ മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന്‍ ശ്രീജു മീര നന്ദന് വരണമാല്യം ചാർത്തി. ലണ്ടനില്‍ അക്കൗണ്ടന്റാണ് ശ്രീജു. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഹന്ദി, ഹല്‍ദി ഉള്‍പ്പെടേയുള്ള ചടങ്ങുകളില്‍ മീര നന്ദന്റെ അടുത്ത സുഹൃത്തുക്കളായ ഒരുപാട് കലാകാരികളും സിനിമാപ്രവർത്തകരും പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു മീരാനന്ദന്റെ വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.
നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരൊക്കെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ മീര നന്ദന്‍ തന്നെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ടായിരുന്നു. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടെങ്കിലും പിന്നീട് മീരയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് എത്തുകയും ചെയ്തിരുന്നു. ‘അങ്ങനെ ഇരുവരും കണ്ടുമുട്ടിയെന്നും , പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു’ എന്നുമായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘ലൈറ്റ്സ് ഓൺ ക്രിയേഷൻസ്’ എന്ന ഇന്‍സ്റ്റ് പേജില്‍ കുറിച്ചത്.
കൊച്ചി എളമക്കര സ്വദേശിയാണ് മീര നന്ദന്‍. 2008 ല്‍ റിലീസായ മുല്ലയ്ക്ക് പുറമെ തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം തുടക്കം കുറിച്ചു. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
പുതിയ മുഖം, കേരള കഫേ, പത്താംനിലയിലെ തീവണ്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, മല്ലു സിങ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് മലയാളത്തില്‍ മീര നന്ദന്‍ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് താരം.