നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് വിസ്തരിക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്നു വിസ്തരിക്കും. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ സാക്ഷി പറയാനെത്തിയിരുന്നു. പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.
കേസില്‍ ഇന്നലെ സാക്ഷിപറഞ്ഞ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബു കൂറുമാറിയിരുന്നു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.
കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപിനെ ‘അമ്മ’ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.