നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബന്‍,സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ വിസ്താരം ഇന്ന് നടക്കും; മഞ്ജു വാര്യറുടെ വിസ്താരം പൂര്‍ത്തിയായി
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.
അതേസമയം കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായി. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കേണ്ടി വന്നു.
കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. ഇന്നലെ വിസ്താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 12-ാം സാക്ഷി ബിന്ദു പണിക്കര്‍, 13-ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ കോടതിയില്‍ കാത്തിരുന്നു.
എന്നാല്‍, മഞ്ജു വാര്യരുടെ എതിര്‍ വിസ്താരം 6.30 വരെ നീണ്ടു. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഇന്നും ശ്രീകുമാര്‍ മേനോന്‍ നാളെയും ഹാജരാകും.
മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവര്‍ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നില്‍ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.