കൊച്ചി:അനിയൻ പൃഥ്വിരാജ് ഡ്രൈവിങ് പ്രേമിയാണെങ്കിൽ ചേട്ടൻ ഇന്ദ്രജിത്ത് ഒരു ബൈക്ക് റൈഡർ ആണ്. വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും ആദ്യമെത്തുന്ന ഒരിടം തീർച്ചയായും സിനിമ താരങ്ങളുടെ ഗാരേജുകളിലേക്കാവും.
പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ബൈക്ക് ഓടിച്ച് പോകുന്ന തന്റെ വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബ് വാങ്ങി ദിവസങ്ങൾക്കകമാണ് മൂന്നാറിലേക്ക് ഇന്ദ്രജിത്ത് യാത്ര പോയത്. ‘Bikes n Barrels’ എന്ന ബൈക്ക് റൈഡിങ് ഗ്രൂപ്പിലും അംഗമാണ് ഇന്ദ്രജിത്. ഇപ്പോൾ ട്രയംഫ് ടൈഗർ 900 ജി ടി മോഡലാണ് ഇന്ദ്രജിത്ത് സ്വന്തമാക്കിയിരിക്കുന്നത്.
15,04,785 രൂപയാണ് ഈ ബൈക്കിന്റെ വില. ഷോറൂമിൽ നിന്ന് ബൈക്കുമായി പോകുന്നതിന്റെ വീഡിയോ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുകാരായ കുഞ്ചാക്കോ ബോബനും വിജയ് യേശുദാസും യാത്രയ്ക്ക് തയ്യാറായി നിൽക്കുകയാണ്. ഷോറൂമിൽ നിന്ന് വണ്ടി ഇറക്കിയേയുള്ളൂ നമുക്ക് വിട്ടാലോ എന്നാണ് ഇന്ദ്രജിത്ത് ഇരുവരോടും ചോദിക്കുന്നത്. ഡിസംബറിലാണ് പുതിയ മോഡൽ രാജ്യാന്തര വിപണിയിലെത്തിയത്. സാഹസിക യാത്രകൾക്കും, ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന വാഹനമാണിത്. റെയിൻ, റോഡ്, സ്പോർട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നൽകിയിട്ടുണ്ട്. ട്രയംഫ് ടൈഗർ 900 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. പുത്തൻ രൂപകൽപ്പന കാരണം 2020 ടൈഗർ 900 ഇപ്പോൾ മുൻഗാമിയേക്കാൾ ചെറുതും ആക്രമണാത്മകവുമായി കാണപ്പെടുന്നു. മുൻവശത്ത് എൽഇഡി ഡിആർഎല്ലുകളുള്ള ഒരു പുതിയ സെറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ഇടംപിടിച്ചിരിക്കുന്നു. ബ്ലൂടൂത്ത് വഴി ഒരു സ്മാർട്ട്‌ഫോണിലേക്ക് കണക്ട് ചെയ്യാനാകുന്ന പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം മോഡലിന്റെ പ്രധാന ആകർഷണമാണ്.
ത്രീ-സിലിണ്ടർ എൻജിനിൽ നിന്ന് ഉയർന്ന ശേഷിയുള്ള പുതിയ എൻജിനുമായാണ് ട്രയംഫ് ടൈഗർ 900 എത്തുന്നത്. 888 സിസി ത്രീ സിലിണ്ടർ യൂണിറ്റ് പുതിയ ഭാരം കുറഞ്ഞ ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇത് എൻജിന്റെ മൊത്ത ഭാരം 2.5 കിലോഗ്രാമോളം കുറയ്ക്കുന്നു. ട്രയംഫ് ഫയറിംഗ് ഓർഡറിനെ 1-2-3 ൽ നിന്ന് 1-3-2 ആക്കി മാറ്റിയിട്ടുമുണ്ട്. 2014-ലാണ് ഇന്ദ്രജിത് ഒരു ഹാർലി ബൈക്ക് സ്വന്തമാക്കിയത്. വൃത്താകൃതിയിലുള്ള ഇരട്ട ഹെഡ്‌ലൈറ്റുമായി യുവാക്കളുടെ ഹരമായിരുന്ന ഫാറ്റ്ബോബ് ആണ് ഇന്ദ്രജിത്ത് വാങ്ങിയത്. 1585 സിസി വി-ട്വിൻ സിലിണ്ടർ എൻജിനാണ് ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബിന്റെ ഹൃദയം. 65 ബിഎച്ച്പി പവറും, 145 എൻഎം ടോർക്കും നിർമിക്കും ഈ എൻജിൻ. ഇപ്പോൾ വിൽപനയിലില്ലാത്ത ഫാറ്റ്ബോബിന് ഏകദേശം 13.62 ലക്ഷം രൂപയായിരുന്നു 2014-ൽ വില.