തൃശൂര്‍: നെടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. നീതുവിനെ വീടിനകത്ത് വച്ച് കുത്തി പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തീ കൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റതിന് പുറമേ കഴുത്തില്‍ 12 കുത്തുകള്‍ ഏറ്റെന്ന് വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ ചിയ്യാരം സ്വദേശിയായ നീതു സുഹൃത്തായ നിതീഷിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു.
ആസൂത്രിത കൊലപാതകത്തിനായി നിധീഷ് കത്തി ഓണ്‍ലൈനില്‍ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്കില്‍ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് നിതീഷ് ഒഴിച്ചത്. ലൈറ്ററും കരുതിയിരുന്നു. 2019 ഏപ്രിലില്‍ ആയിരുന്നു സംഭവം. കേസില്‍ സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷണര്‍ സി ഡി ശ്രീനിവാസനാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.