നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് (38) ആണ് മരിച്ചത്. യാത്രക്കാരായ തിരൂര്‍ മാങ്കുന്നത്ത് വീട്ടില്‍ മൊയ്തു (50), മൊയ്തുവിന്റെ ഭാര്യ റഹ്മത്ത്, സഹോദരി റംസീന, ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുകുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ എട്ടിന് ചൊവ്വല്ലൂര്‍പടി സെന്ററിനു സമീപമായിരുന്നു അപകടം. മലപ്പുറം തിരൂരില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ നായ കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരിന്നു. തല റോഡിലിടിച്ചാണ് റഷീദ് വീണത്. പരിക്കേറ്റ റഷീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.