ചേര്‍ത്തലയില്‍ പോലീസുകാരന്‍ ഓടിച്ച ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
ചേര്‍ത്തല: പോലീസുകാരന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോയുമായി സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്‍മുഖന്റെ മകന്‍ ശങ്കര്‍ (35) ആണ് മരിച്ചത്.
വയലാര്‍ പാലത്തിനു സമീപം ഞായറാഴ്ച വൈകീട്ട് 5.40-നാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് ശങ്കര്‍ മരിച്ചത്. അതേസമയം ഓട്ടോ ഓടിച്ചിരുന്ന എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എം.ആര്‍.രജീഷിനെതിരേ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടാകുമെന്നാണ് വിവരം.
മദ്യപിച്ച് ഓട്ടോ ഓടിച്ചുവെന്ന സംശയത്തിലാണ് ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രജീഷും എ.എസ്.ഐ. കെ.എം.ജോസഫും ചേര്‍ന്നാണ് മനോജിനെ പിടികൂടിയത്. എന്നാല്‍ പരിശോധന സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ മനോജിനെ പിന്നിലിരുത്തി രജീഷ് ഓട്ടോയുമായി സ്റ്റേഷനിലേയ്ക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വയലാര്‍പാലം ഇറങ്ങിവരുമ്പോള്‍ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോകുകയായിരുന്ന ശങ്കറിന്റെ പിന്നില്‍ ഇടിച്ചു വീഴ്ത്തുകയായിരിന്നു. തുടര്‍ന്ന് സമീപത്തെ കടയുടെ ബോര്‍ഡ് തകര്‍ത്ത് ചെറിയ മരത്തില്‍ ഇടിച്ചാണ് ഓട്ടോ നിന്നത്. രജീഷും ഓട്ടോയിലിരുന്നവരും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ശങ്കര്‍ കൂലിപ്പണിക്കാരനായിരുന്നു അമ്മ: ഓമന. സഹോദരങ്ങള്‍: കവിരാജ്, പുഷ്പന്‍.