‘ചങ്ക് പിടഞ്ഞ് നിങ്ങളുടെ അമ്മ കരയുമ്പോഴും പക്ഷം ചേരല്‍ ഒക്കെ കാണണം’; പൊട്ടിത്തെറിച്ച് അഭിരാമി
കൊച്ചി:സഹോദരിയും ഗായികയുമായ അമൃത സുരേഷിനും തനിക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന് അഭിരാമി സുരേഷ് പറഞ്ഞു. തന്റ ഫേസ്ബുക്കില്‍ ആയിരുന്നു അഭിരാമിയുടെ പ്രതികരണം. സത്യം സ്വര്‍ണപത്രമിട്ട് മൂടിയാലും പുറത്തു വരും എന്നും അഭിരാമി സുരേഷ് കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് അമൃത സുരേഷിന്റെ മുന്‍ഭര്‍ത്താവും നടനുമായ ബാല ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. അമൃതയില്‍ ജനിച്ച തന്റെ കുഞ്ഞിനെ ഇവര്‍ കാണാന്‍ അനുവദിക്കുന്നില്ല എന്നും കുട്ടിയെ തന്നില്‍ നിന്ന് അകറ്റുകയാണ് എന്നും ബാല പറഞ്ഞിരുന്നു. അഭിരാമിക്കെതിരേയും മോശം പരാമര്‍ശവുമായി ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുറന്നടിച്ച് കൊണ്ട് അഭിരാമി രംഗത്തെത്തിയത്.
കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോദനങ്ങളുടെയും പകല്‍മാന്യതയുടെയും ഈ ലോകത്തിനോട് പോരാടാന്‍ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍ ഒക്കെ. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. സത്യം സ്വര്‍ണപത്രമിട്ട് മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്.
പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നാളെ വേദനിക്കും. ആമേന്‍’, എന്നാണ് അഭിരാമി സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് താഴെ അഭിരാമിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അഭിരാമിയ്ക്കും അമൃതയ്ക്കും പിന്തുണ വാദ്ഗാനം ചെയ്താണ് ചിലര്‍ ഇതിന് താഴെ പ്രതികരിക്കുന്നത്. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കേണ്ടതുണ്ടോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.
ഇതാദ്യമായല്ല ബാല-അമൃത സുരേഷ് പ്രശ്‌നം വലിയ ചര്‍ച്ചയാകുന്നത്. കുഞ്ഞിനെ തന്നെ കാണിക്കുക പോലും ചെയ്യുന്നില്ല എന്നാണ് ബാല ഉന്നയിക്കുന്ന പരാതി. എന്നാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ട് എന്നും അതിനാലാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കാത്തത് എന്നുമാണ് അഭിരാമിയും അമൃതയും പറയുന്നത്. വിവാഹമോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷ ദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നാണ് അഭിരാമി പറയുന്നത്.
തന്റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലര്‍ നടത്തുന്നത്. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നു എന്നും അഭിരാമി പറഞ്ഞിരുന്നു.