അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരിന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ
കോട്ടയം: അഭയകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്ന് ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്‍കി. അഭയക്കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും അഭയയുടെ അധ്യാപിക കൂടിയായിരുന്ന ത്രേസ്യാമ്മ വെളിപ്പെടുത്തി.
പലരും തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും വരെ ചെയ്തു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം, സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും തനിക്ക് മൊഴിയില്‍ ഉറച്ചു നില്‍ക്കാനായത് അവിവാഹിതയായതിനാലാണെന്നും ത്രേസ്യാമ്മ പറഞ്ഞു. ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നത് എന്നും ത്രേസ്യാമ്മ ഇന്ന് കോടതിയില്‍ മൊഴി നല്‍കി. അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക് പോയത് താനും സഹ അദ്ധ്യാപികയും ചേര്‍ന്നാണെന്നും അവര്‍ പറഞ്ഞു.
കിണറിനു സമീപത്തുണ്ടായിരുന്ന മൃതദേഹം ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു എന്നും മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചതെന്നും മുഖവും കഴുത്തിന്റെ ഭാഗവുമാണ് കണ്ടതെന്നും മുഖത്ത് മുറിവുണ്ടായിരുന്നുവെന്നും ത്രേസ്യാമ്മ പറയുന്നു. ഈ വിവരം താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ പറഞ്ഞു.