കോട്ടയം: സോഷ്യല്‍ മീഡിയയെ ഇറനണിയിച്ച് ടിക് ടോക്കിലെ നിറസാന്നിദ്ധ്യമായിരുന്ന ആരുണി മോളുടെ വേര്‍പാട്. കൊല്ലം സ്വദേശിയായ ഒമ്പതു വയസ്സുകാരി ആരുണിയെന്ന കൊച്ചുമിടുക്കി ടിക് ടോക്കില്‍ സജീവ സാന്നിധ്യമായിരുന്നു. മനോഹരമായ അഭിനയത്തിലൂടെ ധാരളാം ഫോളോവേഴസിനെ സമ്പാദിക്കാന്‍ ഇത്രചെറുപ്പത്തിലെ ആ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു. ആരുണി എസ് കുറുപ്പിന്റെ അപ്രതീക്ഷിത വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ് സൈബര്‍ ലോകം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധിപേരാണ് കുട്ടിയുടെ വേര്‍പാടില്‍ ദുഃഖം അറിയിച്ചു രംഗത്തുവന്നിരിക്കുന്നത്. ഒപ്പം ടിക് ടോക് വിഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്.
പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണ കാരണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ആരുണിടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.
കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി എസ്. കുറുപ്പ് (9). എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദന മാറും മുന്‍പാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.
രോഗകാരണം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടര്‍ന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.