കോഴിക്കോട്: എല്‍.ഡി.എഫിലും യു.ഡി.എഫിലും എന്‍.ഡി.എയിലുമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സീറ്റ് വിഭജനവും ഏകദേശം പൂര്‍ത്തിയായി വരുകയാണ്. മുന്നണികള്‍ പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. മത്സരിക്കാനുള്ളവരുടെ ബാഹുല്യംകൊണ്ട് മുന്നണികള്‍ തലവേദന അനുഭവിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ മത്സരിക്കാന്‍ ആളുകളെത്തേടി പത്രങ്ങളില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ്.
ഇന്ന് പ്രമുഖപത്രത്തില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടേതായി വന്ന പരസ്യം ഇങ്ങനെ. മികച്ച പ്രതിഛായയുള്ള പൊതുപ്രവര്‍ത്തകര്‍, വിരമിച്ച അധ്യാപകര്‍, സംരഭകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍… തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു”. വിവരങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
നവംബര്‍ 19 വരെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വിവിധ പാര്‍ട്ടികളില്‍ നിന്നും പിണങ്ങി മത്സരിക്കുന്നവരെയും മറ്റും ആംആദ്മി പാര്‍ട്ടിയില്‍ എത്തിക്കാനുള്ള തന്ത്രമായും പരസ്യത്തെ കാണുന്നവരുണ്ട്.