NationalNews

വിരലടയാളം നൽകിയില്ലെങ്കിലും ആധാർ കാർഡ് കിട്ടും,​ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിരലടയാളം നൽകാൻ കഴിയാത്തവർക്കും ആധാർ‌ കാർഡ് ലഭിക്കുന്നതിന് ആധാർ മാർഗനിർദ്ദശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്.

വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നേടാനാവും. ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി. ഇത് രണ്ടും സാദ്ധ്യമാകാത്തവർക്കും എൻറോൾ ചെയ്യാനാവും. ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്‌ട്‌വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻറോൾമെന്റായി പരിഗണിച്ച് ആധാർ നൽകണം. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇക്കാര്യത്തിൽ മതിയായ പരിശീലനം നൽകാനും കേന്ദ്രം നിർദ്ദേശിച്ചു.

വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെസി മോൾക്ക് ഉടൻ തന്നെ ആധാർ ഉറപ്പാക്കണമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യയുടെ സംഘം കുമരകത്തെ വീട്ടിലെത്തി ജെസി മോൾക്ക് ആധാർ നമ്പർ അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button