മൂന്ന് വർഷത്തെ പ്രണയം തകർന്നു; ഒടുവിൽ ആത്മഹത്യാ ശ്രമം: ദേവദൂതനിലെ നായിക ഇപ്പോൾ എവിടെ?
കൊച്ചി:ഒരേയൊരു മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് വിജയലക്ഷ്മി. 2000ൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ആ ചിത്രത്തിൽ സ്നേഹ എന്ന കഥാപാത്രമായി എത്തിയത് വിജി എന്ന വിജയലക്ഷ്മി തന്നെ. ചിത്രം റീ റിലസീനൊരുങ്ങുമ്പോൾ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ വിജയലക്ഷ്മിയേയും ആരാധകർ അന്വേഷിക്കുന്നുണ്ട്. ഒരുപക്ഷേ അന്ന് ദേവദൂതൻ വിജയിച്ചിരുന്നെങ്കിൽ നിരവധി വേഷങ്ങൾ മലയാളത്തിൽ നിന്ന് വിജയലക്ഷ്മിയെ തേടി എത്തിയേനെ.
ജൂലൈ 26ന് റീറിലീസ് വരുന്നെന്ന് കേട്ടപ്പോൾ മുതൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലുടനീളം. അന്ന് പക്ഷേ ആ ചിത്രത്തിന്റെ ഭാഷ തിരിച്ചറിയാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതേ സിനിമ വീണ്ടും തിയേറ്ററിൽ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതും പ്രേക്ഷകർ തന്നെയാണ്. മോഹന്‍ലാൽ, ജയപ്രദ, വിനീത് കുമാര്‍, മുരളി തുടങ്ങിയവര്‍ക്കൊപ്പം കന്നട നടി വിജയലക്ഷ്മിയും ഒരു പ്രധാന റോള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ വിശാൽ കൃഷ്ണ മൂർത്തി എന്ന കഥാപാത്രമായി വന്നപ്പോൾ, അദ്ദേഹം സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഡ്രാമയിലെ അലീനയായി അഭിനയിച്ചത് സ്‌നേഹ എന്ന കഥാപാത്രമായി എത്തിയ വിജയലക്ഷ്മിയാണ്.
കഴിഞ്ഞ കുറച്ച് കാലം മുന്‍പ് വരെ വിജയലക്ഷ്മിയെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പലതരം വിവാദങ്ങളും നടിയെ കുറിച്ച് പുറത്ത് വന്നിരുന്നു. നാഗമണ്ഢല എന്ന കന്നട ചിത്രത്തിലൂടെ 1997ലാണ് വിജയലക്ഷ്മി സിനിമയിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്. ശേഷം ജോഡി ഹക്കി, ഭൂമി തയ്യിയ ചൊച്ചല മഗ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ചെന്നൈയില്‍ ജനിച്ച വിജയലക്ഷ്മി പഠിച്ചതും വളര്‍ന്നതും ബെംഗലൂരുവിലാണ്. പൂന്തോട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ സൂര്യയുടെ ജോഡിയായി അഭിനയിച്ചതും വിജയലക്ഷ്മി തന്നെ. ആ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
2006 ല്‍ ഒരു ആത്മഹത്യാ വര്‍ത്തയ്‌ക്കൊപ്പമാണ് വിജയലക്ഷ്മിയുടെ പേര് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. നടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച അസിസ്റ്റന്റ് ഡയറക്ടറുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു താരം. എന്നാൽ ആ സംഭവത്തില്‍ നിന്ന് നടി രക്ഷപ്പെട്ടു. വിജിയുടെ അച്ഛന്‍ മരിച്ച സമയത്തായിരുന്നു ആത്മഹത്യാ ശ്രമം. എല്ലാ പ്രതിസന്ധികളും ഒരുമിച്ച് വന്നപ്പോള്‍ വിജയലക്ഷ്മി മാനസികമായി തകര്‍ന്നു പോയി. ആ വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.
അതേ വര്‍ഷം തന്നെയാണ് നടന്‍ ശ്രുജന്‍ ലോകേഷുമായുള്ള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ 2007 ലാണ് വിവാഹം തീരുമാനിച്ചത്. എന്നാല്‍ ആ വിവാഹം മുടങ്ങിപ്പോയി. ഈ സംഭവങ്ങൾക്ക് ശേഷവും താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വാഴ്ത്തുഗൾ, ബോസ് എങ്കിരാ ഭാസ്കരൻ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു. എന്നാൽ ഇപ്പോൾ 7 വർഷത്തോളമായി വിജയലക്ഷ്മിയെ ബിഗ്സ്ക്രീനിൽ കണ്ടിട്ട്. ദേവദൂതൻ റീറിലീസിലൂടെ വീണ്ടും വിജയലക്ഷ്മി സജീവമാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.