30 C
Kottayam
Thursday, April 25, 2024

മുഖ്യമന്ത്രിയെ ചികിത്സിച്ച മയോ ക്‌ളിനിക് ഇന്ത്യയിലേക്ക്, കൊച്ചിയില്‍ 100 കോടിയുടെ അത്യാധുനിക ലാബ് സജ്ജമാകുന്നു

Must read

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ തേടിയ മയോ ക്ളിനിക്, കാൻസർ പരിചരണരംഗത്തെ ഇന്ത്യൻ കമ്പനിയായ കാർക്കിനോസിൽ വൻ നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഉൾപ്പെടെ രാജ്യമെങ്ങും കാൻസർ ഗവേഷണ, പരിചരണസൗകര്യങ്ങൾ ഒരുക്കുന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്ഥാപനമാണ് കാർക്കിനോസ്.

മലയാളിയായ ഡോ.മോനി കുര്യാക്കോസ് കാർക്കിനോസിന്റെ സഹസ്ഥാപകനും മെഡിക്കൽ ഡയറക്ടറുമാണ്. രത്തൻ ടാറ്റയ്ക്ക് ഉൾപ്പെടെ വൻ നിക്ഷേപമുള്ള കാർക്കിനോസ് ഹെൽത്ത് കെയർ മുംബയ് ആസ്ഥാനമായാണ് പ്രവർത്തനം. കാൻസർ പരിചരണത്തിന് പുതിയ സംവിധാനങ്ങൾ ഒരുക്കാനാണ് മയോയുടെ നിക്ഷേപം പ്രയോജനപ്പെടുത്തുക. കാർക്കിനോസിന്റെ ഡയറക്ടർ ബോർഡിൽ മയോ ക്ളിനിക്കിന്റെ പ്രതിനിധിയെയും ഉൾപ്പെടുത്തും.

പിണറായി വിജയൻ രണ്ടുതവണ ചികിത്സ നടത്തിയതോടെയാണ് അമേരിക്കയിലെ മയോ ക്ളിനിക് കേരളത്തിൽ ശ്രദ്ധനേടിയത്. കഴിഞ്ഞ മാസവും മയോ ക്ളിനിക്കിൽ അദ്ദേഹം ചികിത്സയ്ക്ക് പോയിരുന്നു.

കൊച്ചിയിൽ ₹100 കോടിയുടെ ലാബ്

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നേരത്തേ കാൻസർ കണ്ടെത്തുക, കുറഞ്ഞ ചെലവിൽ ഫലപ്രദ ചികിത്സ ലഭ്യമാക്കുക, ഗവേഷണം തുടങ്ങിയവയാണ് കാർക്കിനോസിന്റെ ലക്ഷ്യം. കൊച്ചി കലൂരിൽ 100 കോടി രൂപ ചെലവിൽ അത്യാധുനിക ലബോറട്ടി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.

ലോകോത്തര ചികിത്സാസംവിധാനം ഇവിടെ ഒരുക്കും. എറണാകുളം, കോതമംഗലം, മൂന്നാർ, തൊടുപുഴ എന്നിവിടങ്ങളിൽ കാർക്കിനോസിന് കാൻസർ പരിചരണകേന്ദ്രങ്ങളുണ്ട്. രാജ്യവ്യാപകമായി കാൻസർ പരിചരണ, ഗവേഷണ കേന്ദ്രങ്ങൾ തുറക്കുകയാണ് ലക്ഷ്യം.

നിക്ഷേപകർ പ്രമുഖർ

കാർക്കിനോസിൽ 100 കോടി രൂപ മുടക്കിയ രത്തൻ ടാറ്റയാണ് പ്രധാന നിക്ഷേപകൻ. ബയോടെക്നോളജി കമ്പനിയായ റാക്കൂടെൻ, റിലയൻസ് ഡിജിറ്റൽ ഹബ്ബ്, സംരംഭകരായ വേണു ശ്രീനിവാസ്, ക്രിസ് ഗോപാലകൃഷ്ണൻ, റോണി സ്ക്രൂവാല, ശേഖർ ശർമ്മ തുടങ്ങിയവർക്കും നിക്ഷേപമുണ്ട്.

ടാറ്റാ ഗ്രൂപ്പിൽ ദീർഘകാലം പ്രവർത്തിച്ച ആർ.വെങ്കട്ടരമണനാണ് കാർക്കിനോസിന്റെ സ്ഥാപകനും സി.ഇ.ഒയും. ടാറ്റാ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറായിരുന്ന രവികാന്ത്, മാനേജ്മെന്റ് വിദഗ്ദ്ധൻ സുന്ദർരാമൻ, ഡോ.ഷഹ്‌വീർ നൂര്യേധൻ തുടങ്ങിയവർ സഹസ്ഥാപകരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week