വരുന്നത് മിന്നൽ മുരളിയെക്കാൾ വലിയ സിനിമ, രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബേസിൽ ജോസഫ്
കൊച്ചി:മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി, ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മിന്നൽ മുരളിയുടെ സീക്വലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബേസിൽ.
ബിഗ് ബഡ്ജറ്റിലായിരിക്കും മിന്നൽ മുരളി 2 ഒരുക്കുക എന്നാണ് ബേസിൽ വ്യക്തമാക്കിയത്. ഉറപ്പായും മിന്നൽ മുരളിയെക്കൾ വലിയ സിനിമ ആയിരിക്കും രണ്ടാം ഭാഗമെന്നും ബേസിൽ പറഞ്ഞു. അത് സ്കെയിൽ ബേസ് ആണെങ്കിലും ബഡ്ജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതു കൊണ്ട് വലുപ്പത്തിൽ നൂറുശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും. നെറ്റ് ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ വ്യക്തമാക്കി.
രണ്ടാംഭാഗത്തിലെ വില്ലനെക്കുറിച്ചുള്ള ചോദ്യങ്ങളോടും ബേസിൽ പ്രതികരിച്ചു. വില്ലൻ ആരെന്ന് സ്ക്രിപ്ട് എഴുതി വരുമ്പോഴേ മനസിലാക്കാൻ പറ്റൂ. എന്തായാലും സമയം എടുക്കും, ജനങ്ങൾ രണ്ടാംഭാഗത്തിന് വലിയ എക്സ്പെക്ടേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്ട് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും താരം പറഞ്ഞു, പുതിയ ചിത്രം പൂക്കാലത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു ബേസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.