തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ അനിൽ ആന്റണി വലിയ വിവാദത്തിലാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എതിർത്തതോടെ അനിൽ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും രാജി വെക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ ആന്റണിയുടെ പ്രതികരണം കോൺഗ്രസ് കേന്ദ്രങ്ങളെ ശരിക്കും അമ്പരപ്പിച്ചിരുന്നു.
എഐസിസി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്ററായിരുന്നു അനിൽ ആന്റണി. വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ എകെ ആന്റണി തയ്യാറായില്ല. മകൻ രാജിവെച്ചതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരിൽ നിന്ന് എ.കെ ആന്റണി ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം ഒരു വിവാഹ വീട്ടിൽ വെച്ചു അഭിപ്രായം തേടിയവരോട് ചൊടിക്കുകയാണ് ആന്റണി ചെയ്തത്.
വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് കുറച്ചുകൂടി ഔചിത്യം വേണ്ടേ , ഞാൻ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്, രാഷ്ട്രീയ വിവാദത്തിനല്ല താൻ ഇവിടെ വന്നിരിക്കുന്നത്ന്ത തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് എകെ ആന്റണി പറഞ്ഞു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള പദവികളിൽ നിന്നായിരുന്നു അനിൽ ആന്റണി രാജി വെച്ചത്. കൂടാതെ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ രാജി. ട്വിറ്ററിലൂടെയാണ് താൻ രാജി വെച്ചു എന്ന വിവരം അനിൽ ആന്റണി അറിയിച്ചത്.
രാവിലെ 9:30 യോടെയാണ് അനിൽ രാജിക്കത്ത് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി നേരത്തെ രംഗത്ത് വന്നിരുന്നു. നേതൃത്വത്തിന് ചുറ്റുമുള്ളവർ സ്തുതി പാഠകരും അടിമകളുമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചുമതലകളിൽ നിന്നും രാജി വെച്ചുള്ള കത്തിലാണ് നേതൃത്വത്തിനെതിരേ അനിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് ട്വിറ്ററിൽ പങ്കുവെച്ച് അനിൽ ആന്റണി കുറിച്ചു.
പ്രധാനമന്ത്രിക്കെതിരായ പരാമർശം ബിബിസി ഡോക്യുമെന്ററിയിൽ ഉണ്ടെന്നതിനാൽ കേന്ദ്രം വിലക്കിയിരുന്നു. എന്നാൽ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദർശിപ്പിക്കുമെന്ന നിലപാടായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക്. ഇതിനെതിരെ അനിൽ ആന്റണി രംഗത്തെത്തിയതായി അദ്ദേഹത്തിനെതിരായ വിമർശനങ്ങൾക്ക് കാരണം. പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനിൽ ആന്റണി പ്രതികരിച്ചത്.