Newspravasi

വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ഗ്യാരണ്ടി തുക നല്‍കണം; ഈജാര്‍ വ്യവസ്ഥകള്‍ പുതുക്കി സൗദി

റിയാദ്: സൗദി അറേബ്യയില്‍ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശം. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്‌ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

ഇതിന് അനുസൃതമായ രീതിയില്‍ ഇജാര്‍ പ്ലാറ്റ്‌ഫോമില്‍ അഥവാ ഇ-നെറ്റ് വര്‍ക്കില്‍ കരാര്‍ ഡോക്യുമെന്റ് ചെയ്യുമ്പോള്‍ ഓണ്‍ലൈനായി പണം അടക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാടകക്കാരന്‍ നല്‍കുന്ന തുക കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവില്ല. പകരം ഒരു നിഷ്പക്ഷ ഡെപ്പോസിറ്റായി ഈജാര്‍ പോര്‍ട്ടലില്‍ സൂക്ഷിക്കും. കരാര്‍ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍, രണ്ട് കക്ഷികളുടെയും അംഗീകാരത്തിന് ശേഷം ഭൂവുടമയ്ക്ക് ഹൗസിംഗ് യൂണിറ്റ് തിരികെ നല്‍കുന്നതായി കാണിക്കുന്ന ഒരു ഫോം പൂരിപ്പിച്ചു നല്‍കണം.

ഇതുപ്രകാരം വാടക ഇനത്തിലോ കെട്ടിടത്തിനുണ്ടായ നാശ നഷ്ടം ഇനത്തിലോ എന്തെങ്കിലും തുക കെട്ടിട ഉടയ്ക്ക് നല്‍കാനുണ്ടെങ്കില്‍ ഡിപ്പോസിറ്റായി നല്‍കിയ തുകയില്‍ നിന്ന് അവ കഴിച്ച് ബൂക്കിയുള്ള തുക വാടകക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. ഇത് സ്വയമേവ സംഭവിക്കുന്ന രീതിയിലാണ് ഈജാര്‍ പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് നടക്കുന്ന വാടക കരാര്‍ പ്രക്രിയ നിരീക്ഷിക്കുക, അതിന് ആവശ്യമായ ഭരണ ക്രമീകരണങ്ങള്‍ വരുത്തുക, ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, ഇടപാടില്‍ സുതാര്യതയും വിശ്വാസവും ശക്തിപ്പെടുത്തുക, വാടക നടപടിക്രമങ്ങള്‍ സുഗമമാക്കുക, വാടക കരാര്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുക, റെസിഡന്‍ഷ്യല്‍ യൂണിറ്റിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കെട്ടിടം തിരികെ നല്‍കുമ്പോള്‍ അതിന് എന്തെങ്കിലും നാശനഷ്ടങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എത്രയെന്ന് കണക്കാക്കി ആ തുക വാടകക്കാരന്‍ ഈജാറില്‍ നിക്ഷേപിച്ച സെക്യൂരിറ്റി തുകയില്‍ നിന്ന് കുറയ്ക്കാന്‍ അവസരമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. നാശ നഷ്ടങ്ങളോ മറ്റ് തര്‍ക്കങ്ങളോ ഇല്ലെങ്കില്‍ ഇരു കക്ഷികളും ധാരണയില്‍ എത്തുന്നത് പ്രകാരം സെക്യൂരിറ്റി തുക വാടകക്കാരന് തിരികെ നല്‍കാം.

ലൈസന്‍സുള്ള റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഡിപ്പോസിറ്റ് തുക കെട്ടിവയ്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈജാര്‍ പോര്‍ട്ടലിലേക്ക് ഈ തുക എത്തുന്ന മുറയ്ക്ക് മാത്രമേ വാടക കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. അതേസമയം, ഏതെങ്കിലും കാരണത്താല്‍ കരാര്‍ നിലവില്‍ വരാത്ത സാഹചര്യുണ്ടായാല്‍ സെക്യൂരിറ്റി തുക അപ്പോള്‍ തന്നെ തിരികെ നല്‍കും.

ഈജാര്‍ പ്ലാറ്റ്ഫോം ഗ്യാരന്റി തുകയെ ഒരു സെക്യൂരിറ്റിയായി വാടകക്കാരന്‍ അടച്ച തുകയായി നിര്‍വചിച്ചു, വസ്തുവിന്റെ ഉടമയ്ക്കോ വസ്തുവിന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് യൂട്ടിലിറ്റിക്കോ നഷ്ടപരിഹാരം നല്‍കും. ഗ്യാരന്റിക്കായി എന്തെങ്കിലും തുക വ്യക്തമാക്കിയിട്ടില്ലെങ്കില്‍, കരാര്‍ ഡോക്യുമെന്റ് ചെയ്യുന്ന പ്രക്രിയയില്‍ യാതൊരു സ്വാധീനവുമില്ല, ഒരു തുക വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ ഗ്യാരന്റി രജിസ്റ്റര്‍ ചെയ്യുകയും എജാറില്‍ സൂക്ഷിക്കുകയും വേണമെന്ന് സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി സ്ഥിരീകരിച്ചു. വാടകയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഈജാര്‍ ഇ-പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ നടത്താവൂ എന്ന് ഈ വര്‍ഷം ജനുവരിയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker