NationalNews

ഇസ്രായേലി യുവതിയുമായി ടൂറിന് എത്തിയ സംഘം ഹംപിയില്‍ ആക്രമിക്കപ്പെട്ടത് അതിക്രൂരമായി; യുവതി ബലാത്സംഗത്തിന് ഇരയായപ്പോള്‍ പുരുഷന്മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ലോകത്തിനുമുന്നില്‍ നാണംകെട്ട് ഇന്ത്യ

ഹംപി: ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പാശ്ചാത്യ വനിത കര്‍ണ്ണാടകയിലെ ഗ്രാമത്തില്‍ ലൈംഗികാക്രമണത്തിന് വിധേയയായത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായപ്പോള്‍ കെട്ടുപോയത് ഇന്ത്യയുടെ ശോഭയാണ്. രണ്ട് ഇന്ത്യന്‍ വംശജരായ പുരുഷന്മാരും ഒരു അമേരിക്കക്കാരനുമൊത്താണ് ഈ വനിത കര്‍ണ്ണാടകയില്‍ സന്ദര്‍ശനത്തിനെത്തിയത്. കോപ്പല്‍ പട്ടണത്തില്‍ ഒരു കനാല്‍ കാണിക്കുന്നതിനായി ഇവര്‍ക്ക് ആതിഥേയത്വം അരുളിയ വനിത സംഘത്തെ കൊണ്ടുപോകുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഹംപിയിലായിരുന്നു ദുരന്തം.

കര്‍ണാടകയിലെ ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഗംഗാവതി സിറ്റി സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്നു കൊപ്പല്‍ എസ്പി റാം അരസിദ്ദി പറഞ്ഞു കഴിഞ്ഞ ദിവസം രാത്രി സനാപ്പൂര്‍ തടാകത്തിന് സമീപത്ത് വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമണത്തിനിരയായത്.

പുരുഷ സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെത്തി. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിന്റെ മൃതദേഹമാണ് കിട്ടിയത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവരോട് പണമാവശ്യപ്പെടുകയായിരുന്നു ആദ്യം ചെയ്തത്. തുറ്റര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍, സംഘത്തിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ അക്രമികള്‍ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വംശജനായ പുരുഷന്‍ മുങ്ങിമരിച്ചു. പിന്നീട് രണ്ട് സ്ത്രീകളെയും അക്രമി സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമി സംഘത്തിലെ അംഗങ്ങള്‍ എന്ന് സംശയിക്കുന്ന രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനെ ഇനിയും പിടികിട്ടിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത് കാണിക്കുന്നതെന്നും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ സംഭവം നാണം കെടുത്തിയെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് ബി വൈ വിജയെന്ദ്ര ആരോപിച്ചു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ സംസ്ഥാനത്തിലെത്തുന്ന എല്ലാവരുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ല്‍ 31,000 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നും, 2021 നേ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഭവം കര്‍ണ്ണാടകയില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് നിയമസഭാ സാമാജികര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, കുറ്റക്കാര്‍ക്ക് അതികഠിനമായ ശിക്ഷയും ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വിദേശികള്‍ അക്രമത്തിനിരയാകുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker