ബെംഗളൂരു: മുണ്ട് ധരിച്ചതിന്റെ പേരിൽ പ്രായമായ കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ഷോപ്പിംഗ് മാൾ ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് കർണാടക സർക്കാർ. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ ജിടി വേൾഡ് മാൾ അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മാളിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സർക്കാർ തീരുമാനം.
തുടർന്ന് മാൾ അടച്ചിടാൻ നിയമപ്രകാരം വ്യവസ്ഥയുണ്ടെന്ന് നഗര വികസനകാര്യ മന്ത്രി ബൈരതി സുരേഷ് അറിയിച്ചു. ‘ഞങ്ങളുടെ മുൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ) കമ്മീഷണർമാരിൽ ഒരാളുമായി ഞാൻ സംസാരിച്ചു. മാൾ ഏഴ് ദിവസത്തേക്ക് അടച്ചിടാൻ സർക്കാരിന് നിയമപ്രകാരം വ്യവസ്ഥയുണ്ട്” എന്നാണ് സുരേഷ് വ്യാഴാഴ്‌ച കർണാടക നിയമസഭയിൽ പറഞ്ഞത്.
ഇന്നലെ സംഭവത്തിൽ മാളിന്റെ ഉടമയ്ക്കും സുരക്ഷാ ജീവനക്കാരനുമെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 126 (2) പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാൾ അടച്ചിടാൻ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് മാളിന് മുൻപിൽ പ്രതിഷേധവും നടന്നിരുന്നു.
അതേസമയം, ചൊവ്വാഴ്‌ച വൈകുന്നേരം മഗഡി മെയിൻ റോഡിലെ മാളിന്റെ പ്രവേശന കവാടത്തിൽ വച്ച് സിനിമയുടെ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ പ്രായമായ കർഷകനായ ഫക്കീരപ്പയെയും മകനെയും അകാരണമായി തടഞ്ഞു നിർത്തിയതാണ് വിവാദങ്ങൾക്ക് ആസ്‌പദമായ സംഭവം. തങ്ങളെ അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിക്കുന്ന അച്ഛന്റെയും മകന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു കർഷകൻ. മാളിന്റെ നയം അനുസരിച്ച് മുണ്ടുടുത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് വീഡിയോയിൽ നിന്ന് കേൾക്കാമായിരുന്നു. എന്നാൽ ഇരുവരും പലവട്ടം അപേക്ഷിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥൻ വഴങ്ങിയിരുന്നില്ല.
മാളിലേക്ക് പ്രവേശിക്കണമെങ്കിൽ കർഷകനോട് പാന്റ് ധരിക്കണം എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശം. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കർഷകരെ ആദരിക്കാത്ത, അപമാനിക്കുന്ന നയമാണ് സർക്കാരിന്റേത് എന്നായിരുന്നു വിമർശനം.
കർണാടക മുഖ്യമന്ത്രി പോലും മുണ്ട് ആണ് ധരിക്കാറെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചു. കർഷകരെ ചതിച്ച കോൺഗ്രസ് ഇപ്പോൾ അവരെ അപമാനിക്കുകയും കൂടി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവം വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെ വിവിധ കന്നഡ, കർഷക സംഘടനകൾ പ്രതിഷേധിച്ചിരുന്നു.