പാപ്പരാസികള്‍ നിരന്തരം പിന്നാലെ നടക്കുന്നത് ഈ മുഖം പകര്‍ത്താന്‍; മകന്റെ ചിത്രവുമായി താരം

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍ പാപ്പരാസികളുടെ പ്രിയപ്പെട്ട സ്റ്റാര്‍ കിഡ് ആണ്. തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകള്‍ നിരന്തരം പട്ടോഡി കുടുംബത്തിലെ ഈ ഇളംതലമുറക്കാരനെ പിന്‍തുടരാറുണ്ട്. ഇപ്പോഴിതാ, തൈമൂറിനെ മാത്രമല്ല അനിയന്‍ ജെയുടെ മുഖം ഒപ്പിയെടുക്കാനും ക്യാമറകണ്ണുകള്‍ മത്സരിക്കുകയാണ്.
കരീനയും സെയ്ഫുമെല്ലാം ജെയ്ക്ക് പുറത്തിറങ്ങുമ്പോഴെല്ലാം മകന്റെ ചിത്രം പകര്‍ത്താനായി പാപ്പരാസികള്‍ ഇരുവരെയും പൊതിയാറുണ്ട്. ഇപ്പോഴിതാ, കരീന തന്നെ മകന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്.
https://www.instagram.com/p/CVRv4ikFNCj/?utm_source=ig_web_copy_link
കഴിഞ്ഞ ദിവസം തൈമൂറിനും ഇളയ മകന്‍ ജെയ്ക്കും ഒപ്പം പുറത്തിറങ്ങിയ കരീനയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ജെയുടെ ചിത്രമെടുക്കാനായി കരീനയോട് തിരിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെടുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. എന്നാല്‍ പാപ്പരാസികളോട് കയര്‍ക്കുന്ന തൈമൂറിനെയും ക്യാമറകള്‍ക്ക് മുഖം നല്‍കാന്‍ നില്‍ക്കാതെ കാറില്‍ കയറുന്ന കരീനയേയുമാണ് വീഡിയോയില്‍ കാണാനാവുക.
പോകുന്നിടത്തെല്ലാം പാപ്പരാസികള്‍ തൈമൂറിനെ പിന്‍തുടരുന്നതില്‍ കരീനയും സെയ്ഫും മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിന്‍തുടരുന്ന ക്യാമറകള്‍ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നു കരീന വെളിപ്പെടുത്തിയിരുന്നു.
”വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത്. എല്ലായിടത്തും അവന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോവുന്നിടത്തെല്ലാം തന്നെ മീഡിയ ശ്രദ്ധിക്കുന്നുണ്ടെന്ന് അവനറിയാം. ‘മീഡിയ അവിടെയുണ്ട്’ എന്നു ഞങ്ങള്‍ പരസ്പരം പറയുന്ന വാക്കുകളും അവന്‍ പിക്ക് ചെയ്‌തെടുക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ അകലെ നിന്നുമാണ് അവര്‍ പലപ്പോഴും ഷൂട്ട് ചെയ്യുന്നത്, അത് ആശ്വാസമാണ്. എന്നിരുന്നാലും നിത്യേനയെന്ന പോലെ ഇതാവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ട്,” കരീന പറഞ്ഞു.
”അവനൊരു സാധാരണ ജീവിതമുണ്ടാകണമെന്നാണ് രക്ഷിതാക്കള്‍ എന്ന രീതിയില്‍ ഞങ്ങളാഗ്രഹിക്കുന്നത്. അവനു മറ്റു കുട്ടികളെ പോലെ പുറത്തു പോവാനും കളിക്കാനും സ്ട്രീറ്റിലൂടെ നടക്കാനും കഴിയണം. എപ്പോഴും ദൂരെ നിന്ന് അവന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നവരോട്, ആ സമയം മറ്റാരുടെയെങ്കിലും ചിത്രങ്ങള്‍ എടുത്തുകൂടെ, പോകൂ, പോയി രണ്‍വീര്‍ സിംഗിനെ ക്ലിക്ക് ചെയ്യൂ,” എന്നാണ് കരീന പറഞ്ഞത്.