
ഹൈദരാബാദ്: സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്താണ് സംഭവം. ഹോസ്റ്റൽ ഉടമ ബി മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഹോസ്റ്റലിലെ വില്ല നമ്പർ 75ൽ താമസിക്കുന്ന ഒരു യുവതിയാണ് ഒളിപ്പിച്ച നിലയിലുള്ള ക്യാമറ കണ്ടെത്തിയത്.
ഉടൻ തന്നെ ഹോസ്റ്റലിലെ മറ്റ് താമസക്കാരെ യുവതി വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ചാര്‍ജറിൽ ഒളിപ്പിച്ച ക്യാമറയും നിരവധി സ്റ്റോറേജ് ചിപ്പുകളും പിടിച്ചെടുത്തു. അവ ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
സ്വകാര്യത ലംഘിക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടെടുത്ത തെളിവുകൾ പരിശോധിക്കുകയും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യുമെന്ന് അമീൻപൂർ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. ഹോസ്റ്റലുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സ്വകാര്യതയുടെ ഇത്തരം ലംഘനങ്ങൾ തടയാൻ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണ നടപടികളും ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.