CrimeFeaturedNationalNews

അറുപതുകാരിയായ വേലക്കാരിയേയും ബലാത്സംഗം ചെയ്തു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ജെ ഡി എസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയെ കൂടുതല്‍ കുരുക്കിലാക്കി മൂന്നാമത്തെ ബലാത്സംഗം കേസ് രജിസ്റ്റർ ചെയ്തു. മൈസൂരിലെ കെആർ നഗറിൽ നിന്നുള്ള വയോധികയെ നിരന്തരം ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് മൂന്നാമത്തെ കേസെടുത്തിരിക്കുന്നത്. രേവണ്ണയുടെ വീട്ടിലെ വേലക്കാരിയായിരുന്നു ഇവർ. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബംഗളൂരുവിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് പ്രജ്വലിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്.

അറുപത് വയസ്സുള്ള സ്ത്രീ ലൈംഗികാതിക്രമത്തിന് വിധേയയാകുന്നതിന് മുമ്പ് തന്നെ ഒന്നും ചെയ്യരുതെന്ന് അപേക്ഷിക്കുന്നതായി പുറത്ത് വന്ന വീഡിയോയിൽ കണ്ടതായി ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പായി പ്രജ്വൽ രേവണ്ണ നടത്തിയ ലൈംഗികാതിക്രമത്തിൻ്റെയും പീഡനത്തിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ പെന്‍ഡ്രൈവ് ചോർന്നത്. ഇതോടെ ദൃശ്യങ്ങള്‍ ഹാസനിലും കർണാടകയിലും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.

ഐപിസി സെക്ഷൻ 376(2)(എൻ) (ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യല്‍), 376(2)(കെ) (ഒരു സ്ത്രീയുടെ മേൽ നിയന്ത്രണമോ ആധിപത്യമോ ഉള്ള സ്ഥാനത്തായിരിക്കുക, അത്തരം സ്ത്രീകളെ ബലാത്സംഗം ചെയ്യുക), 354എ (ലൈംഗിക പീഡനം), 354ബി , 354സി (വോയൂറിസം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രജ്വലിനെതിരെ കേസെടുത്തിരിക്കുന്നത്.

പ്രജ്വല്‍ രേവണ്ണ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പഞ്ചായത്തംഗമായ സ്ത്രീയും നേരത്തെ രംഗത്ത് വന്നിരുന്നു. തന്നെയും ഭര്‍ത്താവിനെയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മെയ് ഒന്നിന് യുവതി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രജ്വല്‍ വസ്ത്രം വലിച്ചു കീറി പലപ്പോഴും ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെയെല്ലാം വീഡിയോകള്‍ പകര്‍ത്തിയെന്നും പരാതിക്കാരി പറയുന്നു.

അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തി മൈസൂരിലെ ഹുൻസൂർ താലൂക്കിലെ കലേനഹള്ളിയിലുള്ള ഫാം ഹൗസിൽ അനധികൃത തടങ്കലിൽ പാർപ്പിച്ചതിന് പ്രജ്വല്‍ രേവണ്ണയുെ പിതാവും ജെ ഡി എസ് എംഎൽഎയുമായ എച്ച് ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. മെയ് നാലിന്, രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്യുന്നതിനുമുമ്പ്, അന്വേഷണ സംഘം എംഎൽഎയുടെ സഹായി രാജശേഖറിൻ്റെ ഫാം ഹൗസിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button