ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിള വീട്ടിൽ വിപിനെയാണ് (34) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.
വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതാണ് കേസ്. അഞ്ചുവർഷം കഠിനതടവും എട്ടായിരം രൂപ പിഴയും പിഴയും പോക്സ്കോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പതിനാലു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ അതിവേഗ കോടതി 63 വർഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതിക്ക് 20 വർഷത്തെ കഠിനതടവാണ് ശിക്ഷ ലഭിച്ചിട്ടുള്ളത്. പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. 2020 മുതൽ 2022 ജൂൺ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം.
സ്‌കൂളിലെ കൗൺസലിങ്ങിനിടെ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ 2022 ജൂൺ 29ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് വീടിന് സമീപത്തെ കമുകിൻ തോട്ടത്തിൽ ഊഞ്ഞാലു കെട്ടി ആടുന്നതിനിടെ പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ 47കാരനെ എട്ടുവർഷം കഠിനതടവിന് ശിക്ഷിച്ചത് സെപ്തംബര്‍ ആദ്യവാരമാണ്. മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ സൈതലവി എന്ന 47കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം സാധാരണ തടവും പോക്‌സോ ആക്ട് പ്രകാരം അഞ്ചുവർഷം കഠിനതടവും 75,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവുമാണ് ശിക്ഷ.