തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പരീക്ഷാ ഫലം പ്രഖ്യാപിക്കും.
ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു.
മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡിനെ തുടര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.