KeralaNews

ഭൂമി തരംമാറ്റൽ: അധികഭൂമിയുടെ ഫീസ് മാത്രം നൽകിയാൽ മതിയെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് മാരായ സി.ടി. രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.

ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റത്തിനു സര്‍ക്കാര്‍ ഫീസ് ഇളവ് നല്‍കിയിരിക്കുന്നത് എന്ന് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ച് കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ വാദിച്ചു. ഇളവ് ചെറുകിട ഭൂമി ഉടമകളെ സഹായിക്കാന്‍ മാത്രം ഉള്ളതാണെന്ന് 2021 ഫെബ്രുവരി 25-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഇരുവരും വിശദീകരിച്ചു.

തുടര്‍ന്നാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. ഭൂമി തരം മാറ്റുമ്പോള്‍ 25 സെന്റിന് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്ന് ആയിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button