തൃശൂർ: തൃശൂർ ജില്ലയിലെ അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത മൃതദേഹം ജൂലൈ മാസത്തിൽ കാണാതായ പ്രതീഷിന്റേതെന്ന് തിരിച്ചറിഞ്ഞ് സുഹൃത്ത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയുണ്ടായിരുന്നില്ല. ഈ തെളിവ് ഉൾപ്പെടെയാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന് സുഹൃത്തിന്റെ സ്ഥിരീകരണം. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി ചുരുളഴിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
സംഭവത്തെ ചുറ്റിപ്പറ്റി ഇനിയുമേറെ ദുരുഹതകൾ ബാക്കിയാണ്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ മാസം 25നാണ് ആത്മഹത്യ ചെയ്തത്. ശിവരാമന്റെ മുറിയിൽ നിന്ന് രക്തക്കറ പുരണ്ട കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ച പ്രതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ശിവരാമൻ പ്രതീഷിനെ കൊന്നതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നും ആയിരുന്നു ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ മടങ്ങിവരാത്തതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സുഹൃത്തുക്കളായിരുന്ന ശിവരാമനും പ്രതീഷും ഒരുമിച്ച് മദ്യപിച്ചിരുന്ന സ്ഥലം കൂടിയാണ് ഈ വീട്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശിവരാമന്റെ മൃതദേഹത്തിന് മൂന്നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനന നടത്തി ഇന്ന് മൃതദേഹം കണ്ടെടുത്തത്.
വീട്ടിൽ നടത്തിയ വിശദപരിശോധനയിൽ തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കണ്ടെടുത്തിട്ടുണ്ട്. ഇതിൽ രക്തക്കറയുമുണ്ട്. പ്രതീഷും ശിവരാമനും ഏതെങ്കിലും രീതിയിൽ തർക്കത്തിലേർപ്പെടുകയും അങ്ങനെ ശിവരാമൻ പ്രതീഷിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയതായിരിക്കുമെന്നുള്ള സംശയം പൊലീസിനുണ്ട്. ശിവരാമന്റെ ആത്മഹത്യക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.