FootballInternationalNewsSports

ഖത്തർ ലോകകപ്പിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ,കാരണമിതാണ്‌

ദോഹ: സൗദി അറേബ്യയിൽ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചതായി റിപ്പോർട്ട്. വ്യക്തമായ കാരണം പറയാതെയാണ് നിരോധനം. സംപ്രേഷണം നടത്തുന്ന ‘ടോഡ് ടി.വി.’ ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ബിഇൻ മീഡിയ ഗ്രൂപ്പി’ന്റേതാണ്. മുമ്പ് വർഷങ്ങളോളം ഈ ചാനലിന്റെ സംപ്രേഷണം സൗദി നിരോധിച്ചിരുന്നു.

2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. നവംബർ 20-ന് ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വീണ്ടും നിർത്തിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നിർത്തിവെക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

ഖത്തർ തീവ്രവാദപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് ടോഡ് ടിവിയുടെ സംപ്രേഷണം സൗദി നിരോധിച്ചത്. സൗദിക്ക് പുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. 24 രാജ്യങ്ങളിൽ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ് ബിഇൻ. 22 മത്സരങ്ങൾ സൗദിയിൽ ബിഇൻ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുണ്ട്.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്റീനെ അട്ടിമറിച്ച സൗദി കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനോട് പൊരുതി തോറ്റിരുന്നു. റോബർട്ട് ലെവൻഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം.

ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിൻസ്‌കിയാണ് മറ്റൊരു ഗോൾ നേടിയത്. ആദ്യപാതിയിൽ ഗോൾ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയിൽ നിർത്താൻ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോൾമുഖം വിറപ്പിക്കാൻ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളിൽ ഒരു പെനാൽറ്റി മുതലാക്കാൻ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അൽദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.

39ാം മിനിറ്റിലാണ് പോളണ്ട് ആദ്യ ഗോൾ നേടുന്നത്. ലെവൻഡോസ്‌കിയുടെ സഹായത്തിൽ സെലിൻസ്‌കിയുടെ മനോഹരമായ ഫിനിഷ്. 44-ാം മിനിറ്റിൽ സൗദിക്ക് ഒപ്പമെത്താനുള്ള സുവർണാവസരമുണ്ടായിരുന്നു. എന്നാൽ പെനാൽറ്റി മുതലാക്കാൻ സലേം അൽദ്വസാറിക്ക് സാധിച്ചില്ല. 82ാം മിനിറ്റിൽ സൗദിക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം ലെവൻഡോസ്‌കി രണ്ടാം ഗോൾ നേടി. അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്താണ് ലെവ ലീഡുയർത്തിയത്. കരുത്തരായ മെക്‌സികോയ്ക്ക് എതിരെയാണ് സൗദിയുടെ അവസാന മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button