FeaturedHome-bannerKeralaNews

ഒന്നാം ക്ലാസിന് 5 വയസ്സു തന്നെ; സ്കൂൾ പ്രവേശന പ്രായം ആറാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന രീതി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 

ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്നു നിർദേശിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. എന്നാൽ ‘നിർബന്ധമായും നടപ്പാക്കണ’മെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാന നിലപാട്. 

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ, ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.

കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ്‌ 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

കേന്ദ്ര വിദ്യാഭ്യാസ നയം ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. കേരളത്തിൽ നിലവിലെ രീതി മാറ്റേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. കൊഴിഞ്ഞുപോക്കു കുറവാണ്. അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്.

പ്രായപരിധി പെട്ടെന്ന് 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളിലുൾപ്പെടെ അടുത്തവർഷത്തെ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. 5 വയസ്സുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ േചർക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker