Home-bannerKeralaNewsRECENT POSTS

കലാമാമാങ്കത്തിന് കൊടിയേറി; ആദ്യദിനം മാറ്റുരയ്ക്കുന്നത് 2500ലധികം വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാകയുയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനചടങ്ങില്‍ 60 അധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗതഗാനത്തിന് 120 വിദ്യാര്‍ഥികള്‍ ദൃശ്യഭാഷയൊരുക്കും.

28 വേദികളിലായി 239 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ 13,000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ലോവര്‍ അപ്പീല്‍ കമ്മിറ്റി ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലും ഹയര്‍ അപ്പീല്‍ കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിലുമാണു പ്രവര്‍ത്തിക്കുക. അപ്പീലുമായി വരുന്നവരെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. നിലവില്‍ ഡിഡിഇമാര്‍ 280 അപ്പീല്‍ അനുവദിച്ചിട്ടുണ്ട്. വിധികര്‍ത്താക്കളുടെ പ്രവര്‍ത്തനം വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ഥികള്‍ക്കെല്ലാം ട്രോഫി നല്‍കും. ഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും. എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1,000 രൂപ കാഷ് അവാര്‍ഡ് നല്‍കും.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയും തയാറാണ്. ദിവസേന 3000 പേര്‍ക്ക് കഴിക്കാന്‍ ആകുന്ന വിധത്തില്‍ 25000 പേര്‍ക്കുള്ള അളവില്‍ ഭക്ഷണം തയാറാക്കുന്നുണ്ട് 60 അംഗസംഘം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button