കൊവിഡ് വാക്‌സിനുമായി അമേരിക്കന്‍ കമ്പനി; പരീക്ഷണം 90 ശതമാനം വിജയം
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ ശ്രമം തൊണ്ണൂറ് ശതമാനവും വിജയമാണെന്നാണ് സൂചന. എന്നാല്‍ മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്ന ശേഷമേ മരുന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുള്ളൂ. മോഡേണ കമ്പനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് നടത്തിയ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമമാണ് വിജയം കൈവരിച്ചിരിക്കുന്നത്.
ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗപ്രതിരോധശേഷി കൂട്ടുന്നതാണ് വാക്സിന്‍. പതിനെട്ടിനും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിന്‍ പരീക്ഷിച്ചത്. വാക്സിന്‍ ഉപയോഗിച്ചവരില്‍ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ ഉത്പാദനം ഇരട്ടിയായി. എന്നാല്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തിയാലേ വാക്സിന്‍ പൂര്‍ണ വിജയമെന്ന് പറയാനാകൂ. ഇപ്പോഴത്തേത് നല്ല വാര്‍ത്തയാണെന്ന് അമേരിക്കയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി പ്രതികരിച്ചു.
ചെറിയ പാര്‍ശ്വഫലങ്ങള്‍ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. ക്ഷീണം, വിറയല്‍, തലവേദന, പേശിവേദന തുടങ്ങിയവയാണ് പൊതുവായ പാര്‍ശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ലേഖനത്തില്‍ പറയുന്നു. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കില്‍ ഈ വര്‍ഷം 50 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് മോഡേണ കമ്പനി ലക്ഷ്യമിടുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കും.