EntertainmentKeralaNews

റിലീസിനായി 85 സിനിമകള്‍,തിയറ്ററുകളില്‍ പുതിയ സിനിമകളുടെ പെരുമഴക്കാലം,എന്നു തുറക്കുമെന്ന് തീരുമാനമായില്ല

കൊച്ചി:കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറക്കുമ്പോള്‍ സിനിമകളുടെ നീണ്ട നിരയാണ് റിലീസിംഗിനായി കാത്തിരിയ്ക്കുന്നത്.
കേരളത്തില്‍ 670 സ്‌ക്രീനുകള്‍ക്കായി ഇതിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85 സിനിമകളാണ്. ഷൂട്ടിങ്ങും മറ്റു ജോലിയുമായി പുരോഗമിക്കുന്നതു 35 സിനിമകളും. ഉടന്‍ തുടങ്ങാന്‍ തയാറായി 28 സിനിമകളുമുണ്ട്. പൂര്‍ത്തിയാക്കിയ വന്‍ ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല.

മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റു റിലീസുകള്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റര്‍ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും. മാത്രമല്ല, നികുതി, വൈദ്യുതി ബാധ്യത സംബന്ധിച്ച ആനുകൂല്യങ്ങളും തിയറ്റര്‍ തുറക്കും മുന്‍പു തീരുമാനിക്കേണ്ടിവരും.

50% സീറ്റുകളുമായി തിയറ്റര്‍ തുറന്നാലും ഉടമകള്‍ക്കു അതു നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല. വൈദ്യുതി ബില്ലില്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശരാശരി 6 ലക്ഷം രൂപ വൈദ്യുത ബില്‍ കുടിശിക ഓരോ തിയറ്ററിനും വരും. വരുമാനമില്ലാത്ത സമയത്തെ ബില്ലാണിത്. പൂട്ടിക്കിടന്ന കാലത്തു തിയറ്റര്‍ കേടുവരാതെ സൂക്ഷിക്കുന്നതിനു 10 ലക്ഷത്തോളം രൂപ ഓരോ തിയറ്റര്‍ ഉടമയ്ക്കും ചെലവായിട്ടുണ്ട്. പകുതി സീറ്റുകളിലെ ആളുകളെ ഇരുത്താനും കഴിയൂ. ഇതുകൊണ്ടു തിയറ്റര്‍ സാമ്പത്തിക ബാധ്യതയില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. .

പൊങ്കലിന് വിജയ് നായകനായ മാസ്റ്റര്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ പുതിയ സാഹചര്യത്തില്‍ കേരളത്തിലും റിലീസ് ചെയ്‌തേക്കാം.

അതേസമയം തിയറ്ററുകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിച്ചെങ്കിലും അന്നു തന്നെ പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യത കുറവ്. പുതിയ ചിത്രങ്ങളുടെ ലഭ്യത, തിയറ്ററുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സജ്ജമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വന്ന ശേഷമേ വ്യാപകമായ തോതില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യതയുള്ളൂ.

സര്‍ക്കാര്‍ അനുമതി സ്വാഗതാര്‍ഹമാണെന്നു തിയറ്റര്‍ ഉടമകളുടെ പ്രബല സംഘടനയായ ‘ഫിയോക്’ ജനറല്‍ സെക്രട്ടറി എം.സി.ബോബി പറഞ്ഞു. ”ചൊവ്വാഴ്ച തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു പ്രദര്‍ശനം സംബന്ധിച്ച നടപടികള്‍ തീരുമാനിക്കും. സിനിമകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാന്‍ കഴിയില്ല” – അദ്ദേഹം പറഞ്ഞു.

തിയറ്ററുകള്‍ തുറക്കും മുന്‍പു തന്നെ കോവിഡ് നിബന്ധനകളനുസരിച്ച് അണുമുക്തമാക്കണം. പ്രദര്‍ശനങ്ങളുടെ ഇടവേളകളിലും സാനിറ്റൈസേഷന്‍ വേണ്ടിവരും. പേപ്പര്‍ ടിക്കറ്റുകള്‍ക്കു പകരം ഡിജിറ്റല്‍ ടോക്കണ്‍ പോലുള്ള സൗകര്യങ്ങളും വേണ്ടിവന്നേക്കാം.

അതിനിടെ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ, മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ ന്റെ ഒടിടി (ഓവര്‍ ദ് ടോപ്) റിലീസ് സംബന്ധിച്ചു ചലച്ചിത്ര ലോകത്ത് അവ്യക്തത.

ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നു ടീസര്‍ റിലീസ് ചെയ്ത മോഹന്‍ലാലാണ് സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. ഈ മാസം അവസാനമോ ഫെബ്രുവരിയിലോ റിലീസ് ചെയ്യുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, തിയറ്ററുകള്‍ 5 മുതല്‍ തുറക്കാമെന്നു വൈകിട്ടു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഒടിടി റിലീസ് തീരുമാനത്തില്‍ മാറ്റം വരുമോയെന്നു വ്യക്തമല്ല.

തിയറ്റര്‍ ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ ‘ഫിയോക്’ പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂരാണു ചിത്രത്തിന്റെ നിര്‍മാതാവ്. ഒടിടി റിലീസുകള്‍ക്കെതിരെ ഫിയോക് ഉള്‍പ്പെടെ കേരളത്തിലെ തിയറ്റര്‍ സംഘടനകള്‍ മുന്‍കാലങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ‘ദൃശ്യം 2’ ഒടിടിയിലൂടെ റിലീസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നതിനു ശേഷം നിലപാടു വ്യക്തമാക്കുമെന്നാണു ഫിയോക് ഭാരവാഹികളുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker