തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 85 പേരുടെ ജീവനുകള്‍. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 19 ആയി. ഇതിനിടെ, കാണാതായതെന്നു കരുതിയിരുന്ന നാല് പേര്‍ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഉള്ളതായായാണ് വിവരം. മന്ത്രി കെ ടി ജലീല്‍ ഇത് സ്ഥിരീകരിച്ചു. കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയില്‍ 63 പേരായിരുന്നു ഉണ്ടായിരുന്നത്. ഇനി 40 പേരെ കൂടി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുണ്ടൈന്നാണ് വിവരം.
അതേസമയം, ഉരുള്‍പൊട്ടല്‍ നാശം വിതച്ച പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളില്‍ അങ്ങനെയും അതല്ലാത്തിടങ്ങളില്‍ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരിക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.