തിരുവനന്തപുരം: കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി 8.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കള്‍ക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.
അതേസമയം ജലനിരപ്പ് 983.50 മീറ്റര്‍ എത്തിയതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.
കക്കി അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11ന് തുറക്കുമെന്ന് അറിയിച്ചിരുന്നു. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. മഴ കുറഞ്ഞതോടെ മല്ലപ്പള്ളി മേഖലയില്‍ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. അതേസമയം, പാണ്ടനാട് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ വെള്ളക്കെട്ട് തുടരുകയാണ്.